കുളത്തൂപ്പുഴ :വിളക്കുപാറ ബിവറേജ് ഔട്ട് ലെറ്റിലും സമീപ സ്റ്റേഷനറി കടയിലും അതിക്രമിച്ച് കയറി അക്രം നടത്തിയ ആൾ പോലീസ് പിടിയിൽ. വിളക്കുപാറ സുനിൽ വിലാസത്തിൽ ചങ്കു സുനിലാണ് പിടിയിലായത്. ബിവറേജ് ഔട്ട്ലെറ്റ് മാനേജരുടെ ക്യാബിനിൽ എത്തിയ സുനിൽ പൈസ നൽകാതെ മദ്യം നൽകണമെന്ന് ആവശ്യപ്പെട്ടു.
പൈസ നൽകിയാൽ കൗണ്ടറിൽ നിന്ന് മദ്യം ലഭിക്കുമെന്ന് മാനേജർ പറഞ്ഞതോടെ പ്രകോപിതനായ സുനിൽ മാനേജരെ അസഭ്യം പറയുകയും സെയിൽസ് ഷോപ്പിലേക്ക് അതിക്രമിച്ച് കയറുകയും ചെയ്തു. തുടർന്ന് സെയിൽസിനായ് സുക്ഷിച്ചിരുന്ന മദ്യം കൈക്കലാക്കുവാൻ ശ്രമം നടത്തി.
ഇത് തടയുവാൻ ശ്രമിച്ച ഷോപ്പിലെ ജീവനക്കാരെ കൈയേേറ്റം ചെയ്തു. ഔട്ട് ലെറ്റ് ജീവനക്കാർ പോലീസിൽ വിവരം അറിയിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സുനിൽ അവിടെ നിന്ന് കടന്ന് കളഞ്ഞു. പിന്നീട് വിളക്കുപാറ ക്ഷേത്രത്തിന് സമീപത്തെ സ്റ്റേഷനറി കടയിൽ എത്തിയ സുനിൽ ഒരു കിലേ പഴം നൽകാൻ കട ഉടമയോട് ആവശ്യപ്പെട്ടു.
മുമ്പ് സാധനം വാങ്ങിയതിന്റെ പൈസ നൽകിയാലെ പഴം നൽകുകയുള്ളു എന്ന് പറഞ്ഞ കട ഉടമയെ ക്രൂരമായ് മർദ്ദിച്ചു.കടയ്ക്കുള്ളിലെ മേശകളും സാധന സാമഗ്രഹികളും വലിച്ച് നിലത്തിട്ട് നശിപ്പിക്കുകയും ചെയ്തു.കടയിൽ അക്രമം നടത്തിയ ശേഷം കെട്ടുപ്ലാച്ചി ഭാഗത്തേക്ക് പോകൻ ശ്രമിക്കവെ പിൻതുടർന്ന് എത്തിയ ഏരൂർ എസ്ഐ സുധീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സുനിലിനെ പിടികൂടുകയായിരുന്നു.
സംഭവത്തെ തുടർന്ന് ബിവറേജ് ഔട്ട് ലെറ്റ് മാനേജരും കട ഉടമ വിളക്കുപാറ സ്വദേശി സ്വാമിനാഥനും പോലീസിൽ പരാതി നൽകി. മുമ്പ് നിരവധി ക്രമിനൽ കേസിൽ പ്രതിയായ ചങ്കു സുനിലിനെ ഗുണ്ടാലിസ്റ്റിൽ ഉൾപ്പെടുത്തുകയും കാപ്പാ നിയമം ചുമത്തി നേരത്തേ ഏരൂർ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.