മൂവാറ്റുപുഴ: അസം സ്വദേശിനിയായ നാലരവയസുള്ള പെൺകുട്ടിയെ ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
കോട്ടയം മെഡിക്കൽ കോളജിൽ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയായ പെൺകുട്ടി ഇപ്പോൾ സർജറി തീവ്രപരിചരണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്.
മൂവാറ്റുപുഴ പെരുമറ്റത്തു വാടകയ്ക്കു താമസിക്കുന്ന അസം കുടുംബത്തിലെ നാലര വയസുകാരിയെയാണ് കടുത്ത വയറുവേദനയും വയറ്റിൽനിന്നു രക്തം പോകുകയും ചെയ്യുന്ന അവസ്ഥയിൽ അച്ഛനും രണ്ടാനമ്മയും ചേർന്നു മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അവിടെ നിന്നാണ് കഴിഞ്ഞ ശനിയാഴ്ച മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ നടത്തിയ സ്കാനിംഗിൽ കുഞ്ഞിന്റെ സ്വകാര്യഭാഗങ്ങളിൽ മുറിവും പരിക്കും കുടൽപൊട്ടിയതായും കണ്ടെത്തിയതിനെ തുടർന്ന് മെഡിക്കൽ കോളജ് അധികൃതർ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
പീഡനമെന്ന സംശയം ആശുപത്രി അധികൃതർ അറിയിച്ചെങ്കിലും തുടക്കത്തിൽ അന്വേഷണത്തിനു പോലീസ് തയാറായില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. സംഭവം വാർത്തയായതോടെയാണ് പോലീസ് അന്വേഷണം ഉർജിതപെടുത്തുന്നത്.
കുട്ടിക്കു പരിക്കു പറ്റിയതു സംബന്ധിച്ച് അറിവില്ലെന്നാണ് അച്ഛനും രണ്ടാനമ്മയും പറയുന്നത്. അസമിലെ പ്രാദേശിക ഭാഷാ പ്രാവീണ്യമുള്ളവരെ ഇന്നെത്തിച്ചു കൂടുതൽ വിവരം ശേഖരിച്ചശേഷം കേസെടുക്കുമെന്ന് പോലീസ് പറഞ്ഞു.
പരിക്കേറ്റ പെൺകുട്ടിയെ കൂടാതെ ഒരു ആൺകുട്ടിയും മറ്റൊരു പെൺകുട്ടിയും കൂടി ദന്പതികൾക്കൊപ്പമുണ്ട്. ഇതിൽ രണ്ടാമത്തെ പെൺകുട്ടിയും ശാരീരിക അസ്വസ്ഥതകൾ കാണിച്ചതോടെ ഈ കുട്ടിയെയുംവൈദ്യപരിശോധനയ്ക്കു വിധേയയാക്കാൻ മെഡിക്കൽ കോളജ് അധികൃതർ തയാറെടുക്കുന്നുണ്ട്.
പെൺകുട്ടിയുടെ നില ഗുരുതരം
ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജിലെ കുട്ടികളുടെ ആശുപത്രിയിൽ കഴിയുന്ന നാലര വയസുകാരിയുടെ ആരോഗ്യനില ഗുരുതരം. ആസം സ്വദേശികളും മൂവാറ്റുപുഴയിൽ വാടകയ്ക്കു താസിക്കുന്നവരുമായി ദന്പതികളുടെ കുട്ടിയെയാണ് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളജിൽ എത്തിച്ചത്.
ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് കണ്ടതോടെയാണ് കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിച്ചത്.മെഡിക്കൽ കോളജിൽ സർജറി വിഭാഗം നടത്തിയ പരിശോധനയിലാണു കുഞ്ഞിന്റെ സ്വകാര്യ ഭാഗങ്ങളിൽ മുറവ് കണ്ടെത്തുകയും സ്കാനിംഗിൽ കുഞ്ഞിന്റെ കുടൽ പൊട്ടിയതായും കണ്ടെത്തുകയും ചെയ്തു.
ഇതോടെയാണ് ആശുപത്രി അധികൃതർ മുവാറ്റുപുഴ പോലീസിൽ വിവരമറിയിച്ചത്.കുട്ടിയൊടൊപ്പം ആശുപത്രിയിലുണ്ടായിരുന്നു മാതാപിതാക്കൾ തന്നെയായിരുന്നു. ഇന്നലെ ആശുപത്രിയിൽ എത്തിയ പോലീസ് വിശദമായി വിവരങ്ങൾ ചോദിച്ചറിയുന്നതിനായി കുട്ടിയുടെ പിതാവിനെ കൂട്ടികൊണ്ടു പോയിട്ടുണ്ട്.
അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കിയ കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും ഐസിഎച്ച് ആർഎംഒ ഡോ. ജയപ്രകാശ് അറിയിച്ചു.