കൊടുങ്ങല്ലൂർ: യുവമോർച്ച നേതാവിന്റെ വീടിനുനേരെ ആക്രമണം. നേതാവിന്റെ ഭാര്യയടക്കം രണ്ടുപേർക്കു പരിക്ക്.
യുവമോർച്ച മേത്തല ഏരിയ പ്രസിഡന്റ് പാത്രക്കടവിൽ സുബിൻ കുമാറിന്റെ വാടകവീടാണ് ഒരു സംഘം ആളുകൾ അടിച്ചുതകർത്തത്.
ഇന്നലെ പുലർച്ചെ ഒന്നേകാലോടെയായിരുന്നു ആക്രമണം. ആക്രമണത്തിൽ വീടിന്റെ രണ്ട് ജനൽപാളികളുടെ ചില്ലുകൾ തകർന്നു.
ചില്ല് കൊണ്ട് പരിക്കുപറ്റിയ സുബിൻ കുമാറിന്റെ ഭാര്യ അഷിത (25), സംഭവം കണ്ട് തലചുറ്റി വീണ സുബിൻ കുമാറിന്റെ സഹോദരൻ സുബീഷിന്റെ ഭാര്യ ഉണ്ണിമായ (21) എന്നിവരാണ് താലൂക്കാശുപത്രിയിൽ ചികിത്സ തേടിയത്.സംഭവം നടക്കുന്പോൾ സുബിൻ കുമാറും സുബീഷും വീട്ടിലുണ്ടായിരുന്നില്ല.
സമാധാന അന്തരീക്ഷം നിലനിൽക്കുന്ന മേഖലയിൽ സിപിഎം അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപി ആരോപിച്ചു.
കീഴ്ത്തളി ഏരിയ പ്രസിഡന്റ് ജിബി വേലിപ്പറന്പിൽ, മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, മണ്ഡലം നേതാക്കളായ എൽ.കെ. മനോജ്, കെ.ആർ. വിദ്യാസാഗർ, യുവമോർച്ച ജില്ലാ സെക്രട്ടറി ജിതിൻ ചെന്പ്ര തുടങ്ങിയവർ സംസാരിച്ചു.