അന്പലപ്പുഴ: രണ്ടു സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു. അന്പലപ്പുഴ സിപിഎം ഓഫീസിലേയ്ക്ക് ബൂത്തിലെ വോട്ടിംഗ് വിവരം നൽകാൻ ബൈക്കിൽ വരുകയായിരുന്ന സിപിഎം പ്രവർത്തകരായ കരുമാടി പ്രഭുകുമാറിന്റെ മകൻ പ്രജോഷ് കുമാർ (30), കരുമാടി ജോഷ്വയുടെ മകൻ ജെൽസണ്‍ (33) എന്നിവർക്കാണ് വെട്ടേറ്റത്.
ഇവരെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 ഓടെ ഞൊണ്ടിമുക്കിൽ വച്ച് ഇവരുടെ പിന്നാലെ അഞ്ചു ബൈക്കുകളിലായി എത്തിയ പത്തോളം പേർ ചേർന്ന് വടിവാൾ ഉപയോഗിച്ച് തലക്കും കാലിനും വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
ആക്രമണം നടത്തിയ ശേഷം ആളൊഴിഞ്ഞ പുരയിടത്തിൽ നിൽക്കുകയായിരുന്ന ഇവർ പോലീസ് വരുന്നതു കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. ഇവരുടെ എട്ടു ബൈക്കുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കായി പോലീസ് തെരച്ചിൽ ഉൗർജിതമാക്കി. അന്പലപ്പുഴയിലെ കൊട്ടിക്കലാശത്തിനിടെ ഉണ്ടായ സംഘർഷത്തിന്റെ ഭാഗമാണോ ആക്രമണം എന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു.