തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം അക്രമം വ്യാപിക്കുന്നതി നാൽ ഡി.ജി.പി ലോക്നാഥ് ബെഹ്റ പോലീസിന് ജാഗ്രതാ നിര്‍ദേശം നല്കി. കണ്ണൂർ ജില്ലയിലെ അക്രമ സംഭവങ്ങൾ തടയാൻ പോലീസ് കനത്ത ജാഗ്രത പുലർത്തി വരികയാണെ ന്നും ലോകനാഥ് ബെഹ്റ അറിയിച്ചു. സംസ്ഥാനമൊട്ടാകെ ജാഗ്രത തുടരും.
രാഷ്ട്രീയ നേതാക്കളുടെ വീടിനു നേർക്ക് നടന്ന ആക്രമണങ്ങൾക്ക് ഉത്തരവാദികളായവരെ പിടികൂടി നടപടി സ്വീകരിക്കാൻ കണ്ണൂർ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. കഴിഞ്ഞ രാത്രിയിൽ 19 പേരെ കരുതൽ തടങ്കലിൽ എടുത്തിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ പോലീസ് പട്രോളിങ്ങും പിക്കറ്റിങ്ങും പരിശോധനയും ശക്തമാക്കി.
ക്രമസമാധാനം നിലനിർത്തുന്നതിനും സാമാന്യ ജീവിതം ഉറപ്പുവരുത്തുന്നതിനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ജില്ലാ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി 260 പേർ അറസ്റ്റിലായിട്ടുണ്ട്. മൂന്ന് ഡിവൈഎസ്പിമാരെയും ഒരു എഎസ്പിയേയും ഇവിടെ ചുമതല നൽകിയിട്ടുണ്ട്.
പത്തനംതിട്ട ജില്ലയിൽ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് 76 കേസുകൾ രജിസ്റ്റർ ചെയ്തു. ഇതിൽ 9 കേസുകൾ അടൂരിലാണ്. അവിടെ അധികമായി പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 110 പേർ അറസ്റ്റിലായി. ഇവരിൽ 85 പേർക്ക് ജാമ്യം ലഭിച്ചു. 25 പേരെ റിമാൻഡ് ചെയ്തു. പത്തനംതിട്ട ജില്ലയിൽ 204 പേർ കരുതൽ തടങ്കലിലാണ്.