ഏറ്റുമാനൂർ: ഏറ്റുമാനൂരിൽ മാരാക ആയുധങ്ങളുമായി എത്തുന്ന ഗുണ്ടാ ആക്രമങ്ങൾ അവസാനിക്കുന്നില്ല. ഇത്തവണ ഏറ്റുമാനൂരിലെ വീടുകളും വാഹനങ്ങളും അടിച്ച് തകർത്തും സ്ത്രികൾ ഉൾപ്പടെയുള്ളവരെ അക്രമിച്ചുമാണ് ഗുണ്ടാസംഘം അഴിഞ്ഞാടിയത്.
ഓട്ടോ ഡ്രൈവർമാർ തമ്മിലുള്ള തർക്കത്തെ തുടർന്നാണ് ഏറ്റുമാനൂർ ഐടിഐക്കു സമീപം ഗുണ്ടാ സംഘം വീടുകളിൽ അതിക്രമിച്ചു കയറുകയും വടിവാൾ അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമം നടത്തിയത്. അക്രമി സംഘം പതിനാറുകാരനെ അടിച്ചു വീഴ്ത്തി. സ്ത്രീകളെയും വടിവാൾ കാട്ടി ഭീഷണിപ്പെടുത്തിയ അക്രമി സംഘം അരമണിക്കൂറോളം പ്രദേശത്ത് അഴിഞ്ഞാടി.
ആക്രമണത്തിൽ തലയ്ക്കു ഗുരുതരമായി പരിക്കേറ്റ പതിനാറുകാരൻ ബിനീഷിനെ പൊലീസ് വാഹനത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏറ്റുമാനൂർ ഐടിഐയ്ക്കു സമീപം തച്ചിലേട്ട് റോഡിൽ പുന്നാപറന്പിൽ ഷാജി, കൊട്ടാരമുകളേൽ വീട്ടിൽ മനോജ്, കൊട്ടാരമുകളേൽ ബൈജു, കൊട്ടാരമുകളേൽ ജീന എന്നിവരുടെ വീടുകളാണ് പതിനഞ്ചോളം വരുന്ന അക്രമി സംഘം തല്ലിത്തകർത്തത്.
ഇന്നലെ രാത്രി 9.30 മുതൽ പത്തുവരെയായിരുന്നു വീടുകളിൽ അക്രമി സംഘത്തിന്റെ അഴിഞ്ഞാട്ടം. ഏറ്റുമാനൂർ ടൗണിനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവറാണ് പുന്നാപറന്പിൽ ഷാജിയുടെ മകൻ ഷിജിൻ(ഉണ്ണി). ഇയാളും റെയിൽവേ സ്റ്റേഷനു സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറായ അയൽവാസിയും തമ്മിൽ ഇന്നലെ വേകുന്നേരം വാക്കേറ്റമിണ്ടായിരുന്നു. ഈ വിഷയത്തിൽ പരാതി ഏറ്റുമാനൂർ സ്റ്റേഷനിൽ നിലവിലുണ്ട്.
പരാതി അന്വേഷിക്കുന്നതിനായി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽനിന്നും പൊലീസ് സംഘം വീട്ടിലും എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് രാത്രിയിൽ പതിനഞ്ചോളം വരുന്ന ഗുണ്ടാ സംഘം മാരകായുധങ്ങളുമായി വീട്ടിലേയ്ക്ക് ഇരച്ചെത്തിയത്. തുടർന്നു, നാലു വീടുകളും അക്രമി സംഘം അടിച്ചു തകർക്കുകയായിരുന്നു. അടുത്തടുത്തായി ഇരിക്കുന്ന വീടുകളിൽ താമസിച്ചിരുന്നവരെല്ലാം ബന്ധുക്കളാണ്.
ഷാജിയുടെ വീട്ടിലെ ബഹളം കേട്ടു മറ്റു വീടുകളിൽനിന്നുള്ള സംഘം ഓടിയെത്തിയപ്പോഴാണ് മറ്റു വീടുകളിലേയ്ക്കു കൂടി അക്രമം വ്യാപിപ്പിച്ചത്. വീടുകൾ പൂർണമായും അടിച്ചു തകർത്ത സംഘം മുറ്റത്തിരുന്ന വാഹനങ്ങളും തല്ലിത്തകർത്തിട്ടുണ്ട്.