കളമശേരി: നഗരത്തിൽ ഒന്നിന് പുറകെ ഒന്നായി അക്രമ സംഭവങ്ങൾ അരങ്ങേറിയിട്ടും പോലീസ് നിഷ്ക്രിയമെന്ന് വ്യാപകമായ പരാതി. പെട്രോൾ പമ്പിലെ ജീവനക്കാരനെ ഒരു സംഘമാളുകൾ മർദ്ദിച്ചതാണ് ഏറ്റവും പുതിയ സംഭവം. ഈ കേസിലും ഒരാളെപ്പോലും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.ദേശീയ പാതയോരത്ത് ഭാരത് പെട്രോളിയത്തിന്റെ പെട്രോൾ പമ്പിൽ നാലംഗ ഗുണ്ടാ സംഘം അക്രമം നടത്തി രണ്ട് ദിവസമായിട്ടും ഒരാളെപ്പോലും പോലീസ് പിടികൂടിയിട്ടില്ല.
രണ്ട് തവണ സംഘമായെത്തി ജീവനക്കാരൻ സജിയെ ആക്രമിച്ചിട്ടും ഒത്തുതീർപ്പ് ഫോർമുലയാണ് പോലീസ് ഇപ്പോഴും ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്. പെട്രോൾ കുപ്പിയിൽ കൊടുത്തില്ലെന്ന പേരിലാണ് ഏലൂർ സ്വദേശികളായവർ ചൊവ്വാഴ്ച രാത്രി വീണ്ടുമെത്തി ജീവനക്കാരനെ മർദിച്ചത്.
അക്രമങ്ങൾകൊണ്ട് വലഞ്ഞ വ്യാപാരികൾ നിരീക്ഷണ കാമറകൾ വച്ചിട്ടുള്ളതിനാൽ പല സംഭവങ്ങളുടേയും സിസി ടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. എന്നാൽ അത് നശിപ്പിച്ച് കളയാനാണ് പോലീസ് ഉദ്യോഗസ്ഥർ നീക്കം നടത്തുന്നതെന്ന് ആരോപണമുണ്ട്. പതിവുപോലെ അധ്യയന വർഷാരംഭത്തിൽ കുസാറ്റിൽ വിദ്യാർഥികൾ തമ്മിൽ മൂന്ന് തവണ ആക്രമങ്ങൾ നടന്നു.
ഇതിൽ ഹോസ്റ്റൽ മെസ് തെരഞ്ഞെടുപ്പിൽ പൂർണമായി പരാജയപ്പെട്ടതിന് എസ്എഫ്ഐയുടെ നേതൃത്വത്തിൽ വിജയികളെ ഓടിച്ചിട്ട് മർദ്ദിച്ചിരുന്നു. ഇത് ക്യാമ്പസിനകത്തെ ഹോട്ടലിന്റെ സിസി ടിവിയിൽ വ്യക്തമായി പതിഞ്ഞിരുന്നു. ഈ വീഡിയോ കൊണ്ടുപോയ പോലീസുകാരോ ഉദ്യോഗസ്ഥരോ ഇതുവരെയും പരാതിക്കാർക്ക് നീതി ലഭിക്കുന്ന രീതിയിൽ യാതൊരു നടപടിയും എടുത്തിട്ടില്ല.
തൃക്കാക്കര എസിയുമായിനടന്ന ചർച്ചയിൽ അക്രമത്തിൽ പങ്കെടുത്ത അഞ്ചു പേർക്ക് എതിരേ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് അനങ്ങാപ്പാറ നയത്തിലാണെന്ന് കെഎസ്യു ആരോപിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിലും നിരവധി വിദ്യാർഥികൾ ഉൾപ്പെട്ട കേസുകൾ കളമശേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇരകൾക്ക് നീതി കൊടുക്കാതെ അവയും കുഴിച്ചുമൂടിയിരിക്കുകയാണ്.