കോട്ടയം: രാത്രിയിൽ വഴിയിൽ സിനിമ സ്റ്റെലിൽ വാഹനം തടഞ്ഞു നിർത്തി പണം തട്ടാൻ ശ്രമിച്ച രണ്ടംഗ സംഘത്തിൽ നിന്നും യാത്രക്കാർ രക്ഷപ്പെട്ടതും സിനിമാ സ്റ്റെലിൽ.
കവർച്ച സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ അഴിക്കുള്ളിലാക്കുകയും ചെയ്തു കോട്ടയം ഈസ്റ്റ് പോലീസ്. കടുവാക്കുളം സ്വദേശികളായ ഹീരാലാൽ (32), വിനീത് (24) എന്നിവരാണ് പിടിയിലായത്.
ഇന്നലെ രാത്രിയിൽ കോട്ടയം നഗരത്തിൽ മുട്ടന്പലം വില്ലേജ് ഓഫീസിനു സമീപം ഇന്നലെ രാത്രി എട്ടിനാണ് സംഭവം. കട്ടപ്പന സ്വദേശികളായ ജീപ്പ് യാത്രക്കാരെയാണ് സംഘം വഴിയിൽ തടഞ്ഞു നിർത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചത്.
കോട്ടയം താഴത്തങ്ങാടയിൽ നിന്നും കട്ടപ്പനയ്ക്കു പോവുകയായിരുന്ന സംഘത്തെ ഇവർ വഴിയ്ക്കു കുറുകെ സിനിമാ സ്റ്റെലിൽ കാറിട്ടാണു തടഞ്ഞത്.
ലൈറ്റിട്ടു കിടന്ന കാർ തിരിക്കാൻ ശ്രമിക്കുകയാണെന്ന് കരുതി ജീപ്പിൽ എത്തിയ കട്ടപ്പന സ്വദേശികൾ വാഹനം നിർത്തി. ഹോണ് മുഴക്കിയിട്ടും കാർ മാറ്റാതെ കിടന്നതോടെ ഇവർ ജീപ്പ് തിരിക്കാൻ ശ്രമിച്ചു.
ഈ സമയം ജീപ്പിനു മുന്നിലേക്കു കത്തിയുമായി പ്രതികൾ ചാടിവീഴുകയായിരുന്നു. തുടർന്നു കൊലപ്പെടുത്തുമെന്ന് ഭീഷണപ്പെടുത്തി യാത്രക്കാരുടെ പക്കലുണ്ടായിരുന്നു പണവും സ്വർണാഭരണങ്ങളും ആവശ്യപ്പെട്ടു.
എന്നാൽ ജീപ്പിലുണ്ടായിരുന്നു കട്ടപ്പന സ്വദേശികൾ ചെറുത്തുനിന്നതോടെ പ്രതികൾ ഇവരെ ആക്രമിച്ചു. തുടർന്നു ജീപ്പിന്റെ ടയറുകളും കുത്തിക്കിറാൻ ശ്രമിച്ചു.
എന്നാൽ ആക്രമികളിൽ കബളിപ്പിച്ചു നിന്നും രക്ഷപ്പെട്ട രണ്ടംഗ സംഘം ജീപ്പ് തിരിച്ചു സിനിമാ സ്്റ്റെലിൽ രക്ഷപ്പെട്ടു കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ അഭയം തേടുകയായിരുന്നു.
ജീപ്പ് ഓടിച്ചു ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് എത്തിയ ഇവർ പോലീസിനോട് വിവരങ്ങൾ പറഞ്ഞു. സംഭവമറിഞ്ഞതോടെ പോലീസ് സംഘം ആക്രമികളെ തേടി വിവിധ സ്ഥലങ്ങളിലേക്കു പാഞ്ഞു.
തുടർന്നു ഏതാനും സമയത്തിനുള്ളിൽ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളുടെ പേരിൽ മറ്റു സ്റ്റേഷനുകളിലും കേസുണ്ട്.
ഇടവഴികളിലുടെ എത്തുന്ന വാഹനയാത്രക്കാർ തടഞ്ഞു നിർത്തി ഭീഷണപ്പെടുത്തി പണം തട്ടിയെടുക്കാനാണ് ആക്രമികൾ പദ്ധതി തയാറാക്കിയത്.
കോട്ടയം ഈസ്റ്റ് എസ്എച്ച്ഒ റിജോ പി. ജോസഫ്, എസ്ഐ അനീഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.