കോഴിക്കോട്: പാനൂരില്‍ യൂത്ത്ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്നു ബാലുശേരിയിലും സംഘര്‍ഷം. ഇന്നു പുലര്‍ച്ചെ കോണ്‍ഗ്രസ് ഓഫീസിനു നേരെയും മുസ് ലിം ലീഗ് പ്രവര്‍ത്തകന്റെ വീടിനു നേരെയും ആക്രമണമുണ്ടായി.
സംഘര്‍ഷസാധ്യത കണക്കിലെടുത്തു സംഭവസ്ഥലത്ത് കൂടുതല്‍ പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് പോലീസ് പറയുന്നത്. അതേസമയം, സംഘര്‍ഷസാധ്യത നിലനില്‍ക്കുന്നുണ്ട്.
പുലർച്ചെ ആക്രമണം
ഇന്നു പുലര്‍ച്ചെ 2.30 നാണ് എകരൂരിലെ ഉണ്ണികുളം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസായ പ്രിയദര്‍ശിനി ഭവന് തീവച്ചത്. ഷട്ടര്‍ കുത്തിതുറന്ന് അക്രമികള്‍ ഉള്ളില്‍ കയറി പെട്രോളൊഴിച്ചു തീവയ്ക്കുകയായിരുന്നു. ഓഫീസ് പൂര്‍ണമായും കത്തി നശിച്ചതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
പിന്നാലെ ഉപ്പുംപെട്ടി മുസ്ലിം ലീഗ് പ്രവര്ത്തന് ലത്തീഫിന്റെ വീടിനുനേരെയും ആക്രമണമുണ്ടായി. കല്ലേറിൽ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ഇതിനുപുറമേ വീട്ടിലുണ്ടായ കാറും അക്രമികള്‍ നശിപ്പിച്ചതായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.
ഇന്നലെ വൈകിട്ട് ഉണ്ണികുളം പഞ്ചായത്തിലെ കരുമലയില്‍ യുഡിഎഫ് -സിപിഎം സംഘര്‍ഷമുണ്ടായിരുന്നു. പോലീസുകാരും പ്രവര്‍ത്തകരുമുള്‍പ്പെടെ 30ഓളം പേര്‍ക്ക് പരിക്കേറ്റിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് എകരൂരില്നിന്നു കരുമലയിലേക്ക് നടത്തിയ പ്രകടനത്തിനു നേരെയാണ് ആക്രമണമുണ്ടായത്.
പ്രകടനത്തിനുനേരെ കല്ലും കുപ്പികളും
പ്രകടനത്തിനുനേരെ സിപിഎം പ്രവര്‍ത്തകര്‍ കല്ലുകളും കുപ്പികളുമെറിയുകയായിരുന്നു. സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ പ്രകടനത്തിലുണ്ടായിരുന്നു. കല്ലേറുണ്ടായതോടെ യുഡിഎഫ് പ്രവര്‍ത്തകരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് ഇടപെട്ടാണ് സംഘര്ഷത്തിനയവവുവരുത്തിയത്.
ഇതിന്റെ തുടര്‍ച്ചയായാണ് കോണ്‍ഗ്രസ് ഓഫീസ് തീയിട്ടതെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. അതേസമയം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്താന്‍ എല്‍ഡിഎഫ് വിളിച്ചുചേര്‍ത്ത യോഗത്തിലേക്ക് വടിയും മാരകായുധങ്ങളുമായി എത്തി അക്രമിക്കുകയായിരുന്നുവെന്നാണ് സിപിഎം പറയുന്നത്.
സംഭവത്തില്എട്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റതായി നേതാക്കള്‍ അറിയിച്ചു.വൈകിട്ടുണ്ടായ സംഘര്ഷത്തെത്തു ടര്‍ന്ന് കോണ്‍ഗ്രസ് ഓഫീസ് അക്രമിക്കാനിടയുണ്ടെന്നു പോലീസിനെ അറിയിച്ചിരുന്നതായി കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
എം.കെ.രാഘവന് എംപി ഉള്‍പ്പെടെ വിഷയം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും നടപടി സ്വീകരിച്ചിരുന്നില്ല. സുരക്ഷ ഒരുക്കുന്നതില്‍ പോലീസ് പൂര്‍ണമായും പരാജയപ്പെട്ടെന്നും അക്രമികളെ പോലീസ് സംരക്ഷിക്കുകയാണെന്നും നേതാക്കള്‍ പറഞ്ഞു.