തലശേരി: ലഹരിയിൽ പിടിവിട്ട് ദുരൂഹതകൾ സൃഷടിച്ച് അവൾ വീണ്ടും ഇറങ്ങി. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ലഹരിയിൽ അടിതെറ്റി അപകടകരമാം വിധം വാഹനമോടിച്ച് എത്തി നാട്ടുകാരുടെ നെഞ്ചത്തേക്ക് പറഞ്ഞു കയറുകയും തെറിയഭിഷേകം നടത്തുകയും ചെയ്ത വടക്കുമ്പാട് സ്വദേശിനിയായ യുവതിയാണ് കഴിഞ്ഞ ദിവസം അർധരാത്രിയിൽ ഭീകരത സൃഷടിച്ച് തലശേരി നഗരത്തിലും ഇറങ്ങിയത്.
ലഹരിയിൽ നഗരത്തിലൂടെ അമിത വേഗതയിൽ കാറോടിച്ച യുവതിയിൽനിന്നു നാട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
നെഞ്ചു വേദനയുമായി അർധരാത്രിയിൽ നഗര മധ്യത്തിലെ ആശുപത്രിയിൽ എത്തിയ യുവതി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ കാട്ടിക്കൂട്ടിയത് സിനിമയെ വെല്ലുന്ന രംഗങ്ങളായിരുന്നു.
നെഞ്ചു വേദനയുണ്ട് ചികിത്സ വേണം എന്നാവശ്യപ്പെട്ടായിരുന്നു വരവ്. പക്ഷേ നിൽക്കില്ല, ഇരിക്കില്ല, കിടക്കില്ല, അനുസരിപ്പിക്കാൻ ശ്രമിച്ചവരോട് ചീത്തവിളിയും.
അസഭ്യവർഷം സഹികെട്ടപ്പോൾ അത്യാഹിത വിഭാഗത്തിലെ മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരൻ യുവതിയെ ചോദ്യം ചെയ്യാനൊരുങ്ങി.
പിന്നെ കണ്ടത് സിനിമ സ്റ്റൈൽ അടിയായിരുന്നു. അടി തെറ്റി ആ ബൈ സ്റ്റാന്ററും നിലത്തു വീണു. ഇതിനിടയിൽ ആശുപത്രി അധികൃതർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. യുവതിയെ അനുനയിപ്പിച്ച് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടു പോയി.
പള്ളൂരിൽ പട്ടാപ്പകൽ ആയിരുന്നു ഇവരുടെ പ്രകടനം. വാഹനാപകടം സൃഷടിക്കുകയും ചോദ്യം ചെയ്ത സത്രീകളുൾപ്പെടെയുള്ള നാട്ടുകാരെ അക്രമിക്കുകയും ചെയ്ത ഇവരെ അതി സാഹസികമായാണ് പള്ളൂർ പോലീസ് അന്ന് കീഴടക്കിയത്.