കൊല്ലം: ആത്മീയ ആചാര്യൻ ചട്ടന്പിസ്വാമി തിരുവടികളുടെ പ്രതിമതകർത്തും എൻഎസ്എസ് കരയോഗമന്ദിരങ്ങൾ തകർത്തും നായർസമുദായത്തെ അപകീർത്തിപ്പെടുത്തുവാൻ ശ്രമിക്കുന്ന നടപടികൾക്കെതിരെ മന്നം സാംസ്ക്കാരിക സമിതി സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു. ചെയർമാൻ പ്രഫ. എൻ. രാജശേഖരൻപിള്ള അധ്യക്ഷത വഹിച്ചു.
മന്നത്തിന് ശേഷം നായർ സമുദായത്തെ ഒന്നാകെ ഒരു ശരണംവിളി മന്ത്രത്തിലൂടെ ഏകോപ്പിക്കാൻ കഴിഞ്ഞ എൻഎസ്എസ് ജനറൽ സെക്രട്ടറി സുകമാരൻനായരുടെ നേതൃപാടവം കണ്ട് ഭയപ്പെടുന്ന ശക്തികളെ നേരിടാനുള്ള പ്രാപ്തി എൻഎസ്എസ് നേതൃത്വത്തിന് ഉണ്ടെന്നുള്ള കാര്യം വിസ്മരിച്ച് ഭരണാധികാരികൾ നീങ്ങിയാൽ അവയ്ക്ക് നൽകേണ്ട വില വലുതായിരിക്കുമെന്ന് സമിതി ചൂണ്ടികാട്ടി.
ആചാരാനുഷ്ഠാനങ്ങളും വിശ്വാസവും ഭാരതീയ പാരന്പര്യത്തിന്റെ പിന്തുടർച്ചയാണെന്നും കോടതിക്കും ഭരണാധികാരികൾക്കും ഇവയെ അട്ടിമറിക്കാൻ സാധിക്കാത്ത അവസ്ഥാവിശേഷമാണ് നിലവിലുള്ളത്. ഇത് മനസിലാക്കി പ്രവർത്തിക്കുവാൻ അധികാരികൾ തയാറാകണമെന്ന് സാംസ്ക്കാരിക സമതി അഭ്യർഥിച്ചു.
എൻഎസ്എസ് നേതൃത്വം സ്വീകരിച്ച നിലപാടുകളെക്കുറിച്ചും സമുദായത്തെ തകർക്കാനും ആചാര്യന്മാരെയും നേതാക്കളേയും അപമാനിക്കുവാനും തയാറാകുന്ന ശക്തികൾക്ക് എതിരെ രാജ്യവ്യാപകമായി ബോധവൽക്കരണം നടത്തും. ജില്ലാ തലങ്ങളിൽ സാംസ്ക്കാരിക സംഗമം നടത്താൻ അയർക്കുന്നം രാമൻനായർ ജനറൽകണ്വീനറും ചവറ സുരേന്ദ്രൻപിള്ള, കെ.ആർ. ഉണ്ണിത്താൻ, രവീന്ദ്രൻനായർ, പ്രഫ. ഗോപിനാഥൻനായർ, ലാൽനന്ദാവനം, കൃഷ്ണകുമാർ കൊച്ചി എന്നിവരടങ്ങുന്ന കമ്മിറ്റിയും രൂപീകരിച്ചു.