മണ്ണഞ്ചേരി: അയൽവീട്ടിലെ ജനൽചില്ലുകൾ തല്ലിത്തകർക്കുന്ന ഒച്ചകേട്ട് ഓടിച്ചെന്ന ഗൃഹനാഥനെ ഗുണ്ടാ നേതാവ് വെട്ടിയ സംഭവത്തിൽ പ്രതികൾ പിടിയിലായതായി സൂചന. മണ്ണഞ്ചേരി പഞ്ചായത്ത് 19-ാം വാർഡ് കൊല്ലവെളി വീട്ടിൽ പുരുഷൻ(50)ആണ് വെട്ടേറ്റത്. നെഞ്ചത്ത് ഏറ്റ വെട്ട് ഗുരുതരമായതിനെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ അക്രമികൾ മണിക്കൂറുകൾക്കുള്ളിൽ പോലീസിന്റെ വലയിലായതായാണ് സൂചന. വെള്ളിയാഴ്ച രാത്രി 9.30 ഓടെ ആയിരുന്നു സംഭവം. വെട്ടേറ്റു കിടന്ന പുരുഷനെ അയൽവാസി ആണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
പ്ലാപ്പറന്പിൽ പവിത്രന്റെ വീടിന്റെ ജനൽ ചില്ലുകളാണ് തകർത്തത്. ആലപ്പുഴ സ്വദേശി ആയ ഗുണ്ടാനേതാവ് കഴിഞ്ഞ ദിവസമാണ് ജയിൽ ശിക്ഷ കഴിഞ്ഞ് ഇറങ്ങിയത്. ഇയാളുടെ ഭാര്യ താമസിക്കുന്നിടത്ത്് സഹോദരനുമായി വന്നപ്പോഴാണ് അക്രമം നടത്തിയത്.