ചക്കരക്കല്ല്: വാഹനങ്ങൾ തടഞ്ഞുപണം പിരിക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ എഎസ്ഐയെയും സംഘത്തെയും മണിക്കൂറോളം ബന്ദിയാക്കിയ സംഭവത്തിൽ 30 പേർക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം ചക്കരക്കൽ പോലീസ് കേസെടുത്തു. ഏച്ചൂർ മാച്ചേരിയിലെ വിനീഷിന്റെ നേതൃത്വത്തിലാണ് പോലീസിനെ തടഞ്ഞതെന്ന് ചക്കരക്കല്ല് എസ്ഐ പി. ബിജു പറഞ്ഞു. പ്രതികൾക്കായി അന്വേഷണ ഊർജിതമാക്കിയതായും അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും പോലീസ് അറിയിച്ചു.
ഇന്നലെ രാത്രി 10.30ഓടെയായിരുന്നു സംഭവം. ഏച്ചൂർ മുത്തപ്പൻ ക്ഷേത്രോത്സവത്തിന്റെ പേരിലാണ് പിരിവ് നടത്തിയത്. ഇതിന്റെ പേരിൽ വ്യാപക പരാതി ലഭിച്ചതിനെ തുടർന്ന് ചക്കരക്കൽ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. പിരിവ് സംഘത്തിൽപ്പെട്ട നിരവധി പേരെ പോലീസ് കസ്റ്റഡിയിലെടുത്തെങ്കിലും ക്ഷേത്ര കമ്മിറ്റിക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് ഇവരെ പിന്നീട് വിട്ടയച്ചുവെന്നു പോലീസ് പറഞ്ഞു.
ഇപ്രകാരം വിട്ടയച്ചവരുടെ നേതൃത്വത്തിൽ ഏച്ചൂരിൽ വീണ്ടും പിരിവും പോലീസിനെതിരേ വ്യാപക പോസ്റ്റർ പ്രചാരണവും നടക്കുന്നുണ്ടെന്നറിഞ്ഞ് സ്ഥലത്തെത്തിയ എഎസ്ഐ ശശീന്ദ്രനെയും പാർട്ടിയെയുമാണ് സംഘം ഏറെനേരം തടഞ്ഞുവച്ചതെന്ന് എസ്ഐ പി. ബിജു പറഞ്ഞു.
എസ്ഐ ബിജു സ്ഥലത്തെത്തിയാൽ മാത്രമേ തടഞ്ഞുവച്ച പോലീസുകാരെ വിട്ടയയ്ക്കൂ എന്നായിരുന്നു സംഘത്തിന്റെ നിലപാട്. സിറ്റി സിഐ കെ.വി. പ്രമോദ്, പി. ബിജു എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസും മാങ്ങാട്ടുപറന്പിൽനിന്ന് കെഎപി ഫോഴ്സും സ്ഥലത്തെത്തിയാണ് രാത്രി 11 ഓടെ പോലീസുകാരെ മോചിപ്പിച്ചത്.