തിരുവല്ല: യുവാവിനെ മര്‍ദിച്ചവശനാക്കി കവര്‍ച്ച നടത്തിയ സംഘത്തിലെ സ്റ്റാന്‍ വര്‍ഗീസ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയും കാപ്പ വ്യവസ്ഥകള്‍ ലംഘിച്ച് തുടര്‍ച്ചയായി കുറ്റകൃത്യങ്ങളില്‍ ഏര്പ്പെട്ടുവരുന്നയാളുമെന്ന് പോലീസ്.
സെപ്റ്റംബര്‍ നാലിനു രാത്രി തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപം മാവേലിക്കര കണ്ണമംഗലം തട്ടാരമ്പലം മറ്റം വടക്ക് കൊച്ചുതറയില്‍ അക്ഷയ് കെ. സുനി(21)ലിനെ മര്‍ദിച്ചവശനാക്കി കവര്‍ച്ച ചെയ്ത കേസിലാണ് തിരുവല്ല കുളക്കാട് യമുന നഗര്‍ ദര്ശന് വീട്ടില്‍ സ്റ്റാന്‍ വര്‍ഗീസ്, അഞ്ചാംപ്രതി കുറ്റപ്പുഴ ചുമത്ര കോഴിക്കോട്ടുപറമ്പില്‍ പ്രശോഭ് (രൊക്കന്‍ – 22) എന്നിവരെയാണ് തിരുവല്ല പോലീസ് കഴിഞ്ഞദിവസം അറസ്റ്റു ചെയ്തത്. കേസിലെ ഒന്നാം പ്രതിയെ സംഭവദിവസം അറസ്റ്റ് ചെയ്തിരുന്നു. രണ്ടുപേര്‍ കൂടി ഇനി പിടിയിലാകാനുണ്ട്.
അറസ്റ്റിലായ സ്റ്റാന്‍ നിരന്തരം ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാക്കിയതിനെ തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, തിരുവനന്തപുരം റേഞ്ച് ഡിഐജി കഴിഞ്ഞ ഏപ്രില്‍ 25ന്, ജില്ലയില്‍ കടക്കുന്നതില്‍ നിന്ന് ഇയാളെ വിലക്കി ഉത്തരവായിരുന്നു.
എന്നാല്‍ വ്യവസ്ഥകള്‍ ലംഘിച്ച ഇയാള്‍ വീണ്ടും കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട സാഹചര്യത്തില്‍ കര്‍ശനമായ അനന്തര നിയമ നടപടികള്‍ക്കൊരുങ്ങുകയാണ് പോലീസ്
. ഇയാള്‍ തിരുവല്ല പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെട്ട ക്രിമിനലാണ്. തിരുവല്ല സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എട്ടു കേസുകളിലും കോയിപ്രത്തെ ഒരു കേസിലും പ്രതിയാണ് സ്റ്റാന്‍ വര്‍ഗീസെന്ന് പോലീസ് പറയുന്നു.
2016 മുതല്‍ നിരന്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടുവരുന്ന ഇയാള്‍ക്കെതിരെ അടിപിടി, വീടുകയറി ആക്രമണം, സംഘം ചേര്‍ന്നുള്ള ആക്രമണം, ആയുധങ്ങളുമായി ആക്രമിക്കല്‍, കൊലപാതകശ്രമം, മോഷണം, കസ്റ്റഡിയില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമം തുടങ്ങിയ കേസുക്കളാണുള്ളത്. കര്‍ശനമായ നിയമനടപടികള്‍ക്ക് ജില്ലാ പോലീസ് മേധാവി തിരുവല്ല പോലീസിന് നിര്‍ദേശം നല്കി.
നഗരമധ്യത്തിലെ കവര്‍ച്ചയും മര്‍ദനവും
കഴിഞ്ഞ സെപ്റ്റംബര്‍ നാലിനു രാത്രി 10.30ന് തിരുവല്ല സ്വകാര്യ ബസ് സ്റ്റാന്‍ഡിന് സമീപമാണ് അക്ഷയ് ഓടിച്ചുവന്ന ബുള്ളറ്റിന് മുന്നില്‍ ഒന്നും രണ്ടും പ്രതികള്‍ സ്കൂട്ടറിലെത്തി വഴിതടഞ്ഞു മര്‍ദിച്ചത്.
സ്കൂട്ടറില്‍ നിന്നിറങ്ങിയ രണ്ടാം പ്രതി യുവാവിനോട് പഴ്സ് ആവശ്യപ്പെട്ടു, ബുള്ളറ്റില്‍ നിന്നിറങ്ങിയ യുവാവിനെ ഇരുവരും ചേര്‍ന്ന് സ്കൂട്ടറില്‍ തങ്ങളുടെ മധ്യത്തിലിരുത്തി തട്ടിക്കൊണ്ടുപോയി.
കുറ്റപ്പുഴ റെയില്‍വേ ഓവര്‍ ബ്രിഡ്ജിന് സമീപമെത്തിയശേഷം മറ്റു പ്രതികളെ വിളിച്ചുവരുത്തി. രണ്ടാം പ്രതി അക്ഷയുടെ പാന്റ്സിന്റെ പോക്കറ്റില്‍ നിന്ന് 50,000 രൂപ വിലവരുന്ന ഐ ഫോണ്‍ കവര്‍ന്നു, പിന്നീട് അതിലെ ഗൂഗിള്‍ പാസ് വേര്‍ഡും എടിഎം കാര്‍ഡിന്റെ പാസ് വേര്‍ഡും ആവശ്യപ്പെട്ടെങ്കിലും, പറയാന്‍ വിസമ്മതിച്ചപ്പോള്‍ കൂട്ടം ചേര്‍ന്ന് മര്‍ദിച്ചവശനാക്കുകയും, നാലാം പ്രതി 5000 രൂപയുള്ള ബോസ് കമ്പനി നിര്‍മിത വാച്ച് കൈക്കലാക്കുകയും, ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചുനിര്‍ത്തി കഴുത്തിലെ ഒന്നരപവന്‍ തൂക്കമുള്ളതും 50,000 രൂപ വില വരുന്നതുമായ സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയും ചെയ്തു.
തടഞ്ഞപ്പോള്‍ മൂന്നാം പ്രതി കമ്പിവടികൊണ്ട് വലതു കൈയ്ക്കും കാലിലും അടിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ കൈയില്‍ നിന്നും താഴെവീണ ബുള്ളറ്റിന്റെ താക്കോല്‍ ഒന്നാം പ്രതി കൈവശപ്പെടുത്തി.
ശരീരം മുഴുവന്‍ മര്‍ദനമേറ്റ യുവാവിന്റെ മൊബൈല്‍ ഫോണ്‍, വാച്ച്, വിവിധ കാര്‍ഡുകള്‍ അടങ്ങിയ പേഴ്സ്, ബുള്ളറ്റ്, താക്കോല്‍ എന്നിവ കവര്‍ന്നെടുത്തശേഷം കടന്നുകളയുകയായിരുന്നു.
അവശനായ യുവാവ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ ധരിപ്പിച്ചു, മൊഴി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ച പോലീസ് പിറ്റേന്നുതന്നെ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ ചോദ്യം ചെയ്തതിനെതുടര്‍ന്ന് ബുള്ളറ്റ് കണ്ടെത്തുകയും പിന്നീട് സ്കൂട്ടര്‍ തിരുവല്ല റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നും കണ്ടെടുക്കുകയും ചെയ്തു. സ്കൂട്ടറില്‍ നിന്നും വണ്ടിയുടെ രേഖകളും കവര്‍ന്നെടുത്ത പേഴ്സും മൊബൈല്‍ ഫോണും കണ്ടെടുത്തു.