തിരുവനന്തപുരം: പ്രഭാതസവാരിക്കിറങ്ങിയ യുവതിയെ മ്യൂസിയത്തിന് സമീപം വച്ച് കടന്ന് പിടിച്ച അക്രമി അതേ ദിവസം തന്നെ മറ്റൊരു വീട്ടിലും അതിക്രമിച്ചു കയറാൻ ശ്രമിച്ചതായി സൂചന.
കുറവൻകോണത്തെ ഒരു വീട്ടിലും സമാന രൂപത്തിലുള്ള യുവാവിനെ കണ്ടുവെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പുലർച്ചെ വീടിന്റെ കോന്പൗണ്ടിനകത്ത് ഒരാൾ അതിക്രമിച്ച് കയറിയതിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവി കാമറയിൽ പതിഞ്ഞു.
വീടിന് മുന്നിൽ എത്തി പരിസരം നിരീക്ഷിച്ച ശേഷം കോന്പൗണ്ടിൽ നിന്നും പുറത്തേക്ക് പോയെന്നാണ് ദൃശ്യങ്ങളിൽ വ്യക്തമായത്.
ഈ വീട്ടിലെ രണ്ട് സിസിടിവികൾ തുണി കൊണ്ടു മറയ്ക്കാനും ഇയാൾ ശ്രമിച്ചിരുന്നു. 3.30 നു ശേഷം അക്രമി നന്ദൻകോട് ഭാഗത്തേക്ക് പോയി എന്നാണ് വിവരം.
പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ആക്രമിച്ച സംഭവത്തിന്റെ വാർത്തകളും രേഖാചിത്രവും പുറത്തു വന്നതോടെ വീട്ടുകാർ ഈ സംഭവം പോലീസിൽ അറിയിച്ചു.
രണ്ടു സംഭവങ്ങളിലേയും പ്രതി ഒരാളാണോയെന്നാണ് സംശയിക്കുന്നത്. മ്യൂസിയം പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും നാല് ദിവസമായിട്ടും പ്രതികളെ പിടികൂടാനായിട്ടില്ല
. പോലീസിന്റെ വീഴ്ചക്കെതിരെ വിവിധ കോണുകളിൽ നിന്നും രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ബുധനാഴ്ചയാണ് പ്രഭാത സവാരിക്കിറങ്ങിയ യുവതിയെ ഒരാൾ കടന്നുപിടിച്ചത്. പിന്നീട് മതിൽ ചാടിക്കടന്ന് രക്ഷപ്പെട്ടു.