തിരുവനന്തപുരം: വെട്ടേറ്റ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗം എൽ.എസ്. സാജുവിന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു. തലയ്ക്കും കൈകാലുകൾക്കും ആഴത്തിൽ വെട്ടേറ്റ സജുവിനെ മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി 9.30ന് ഇടവക്കോട് ജംഗ്ഷനിലാണ് സംഭവം. ബൈക്കുകളിൽ മാരകായുധങ്ങളുമായെത്തിയ സംഘമാണ് സാജുവിനെ വെട്ടിയത്. സുഹൃത്തിനോടു സംസാരിച്ച് നിൽക്കുകയായിരുന്നു സാജു. ബൈക്കിൽ ആക്രോശിച്ചു കൊണ്ടെത്തിയ സംഘം സാജുവിനെ വെട്ടി വീഴ്ത്തുകയായിരുന്നു. വെട്ടേറ്റ സാജു അടുത്തുള്ള കടയിലേക്ക് കയറിയെങ്കിലും കടയിലിട്ടും വെട്ടി. ആദ്യം ബൈക്കിലെത്തിയ സംഘത്തിന് പിന്നാലെ നിരവധി ബൈക്കുകളിലായി ഇരുപതോളം പേർ സ്ഥലത്തെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
ബഹളം കേട്ട് ഓടിയെത്തിയവരാണു സാജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ സാജുവിന്റെ പരിക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം സംഭവത്തിന് പിന്നില്‍ ആര്.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം ആരോപിച്ചു. കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് രാജേഷ് എന്ന ആര്.എസ്.എസ് പ്രവര്ത്തകന് ഈ പ്രദേശത്ത് കൊല്ലപ്പെട്ടിരുന്നു.
ഇതിന്റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് സൂചന.സംഭവവുമായി ബന്ധപ്പെട്ടു സ്ഥലത്ത് കഴക്കൂട്ടം സൈബര്‍ സിറ്റി അസ്സിസ്റ്റന്റ് കമ്മീഷണര്‍ അനില്‍ കുമാറിന്റെയും മെഡിക്കല്‍കോളേജ് സി.ഐ ബിനുകുമാറിന്റെയും നേതൃത്വത്തിലുള്ള പോലിസ് സംഘം ക്യാമ്പ് ചെയ്യുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് ശ്രീകാര്യം, പൗഡിക്കോണം,ഉള്ളൂർ.ഇടവക്കോട്, ചെറുവെയ്ക്കൽ പ്രദേശങ്ങളിൽ ഇന്ന് വൈകുന്നേരം ആറ് മണി വരെ സി.പി.എം ഹര്‍ത്താല്‍ ആചരിക്കും.