താനൂർ: താനൂർ അഞ്ചുടിയിൽ രണ്ടു സിപിഎം പ്രവർത്തകർക്കു വെട്ടേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. അഞ്ചുടി സ്വദേശി കുപ്പന്റെ പുരയ്ക്കൽ ഷംസു (40), വെളിയച്ചാന്റെ പുരക്കൽ മുസ്തഫ (40) എന്നിവർക്കാണ് വെട്ടേറ്റത്. മുസ്തഫയുടെ കൈപ്പത്തിക്കാണ് വെട്ടേറ്റത്. ഷംസുവിനാണ് ഗുരുതര പരിക്ക്. തലയ്ക്കും ദേഹമാകെ വെട്ടേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം.
കാറിലെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പോലീസിനു ലഭിച്ച സൂചന. വടിവാൾ കൊണ്ടുള്ള ആക്രമണമായിരുന്നു. ഡിവൈഎഫ്ഐ തീരദേശ മേഖല മുൻ സെക്രട്ടറിയാണ് ഷംസു. മത്സ്യത്തൊഴിലാളികളായ ഇരുവരും മത്സ്യത്തൊഴിലാളികളുടെ യോഗം കഴിഞ്ഞു തിരിച്ചുവരുന്പോഴായിരുന്നു ആക്രമണം.
പരിക്കേറ്റ ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. ഇവരുടെ മൊഴി ഇന്നു രേഖപ്പെടുത്തും. സംഭവത്തിനു പിന്നിൽ ആരാണെന്നു ഇതിനു ശേഷമേ കൃത്യമായി അറിയാനാകൂവെന്നു പോലീസ് അറിയിച്ചു.
പ്രദേശത്തു വൻ പോലീസ് സന്നാഹം കാവലുണ്ട്. തീർത്തും സമാധാനന്തരീക്ഷം നിലനിൽക്കുന്ന തീരദേശത്ത് മന:പൂർവം പ്രശ്നങ്ങൾ സൃഷ്ടിക്കാനുള്ള ഒരു വിഭാഗത്തിന്റെ ആസൂത്രിതമായ ശ്രമമാണ് ആക്രമണത്തിനു പിന്നിലെന്നാണ് ആരോപണം. കഴിഞ്ഞ വർഷം ഇതേ സ്ഥലത്ത് ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി അക്ബറിനെയും വെട്ടിവീഴ്ത്തിയിരുന്നു.