കോട്ടയം: തിരുവാതുക്കലിൽ മാരകായുധങ്ങളുമായി വീടാക്രമിച്ച സംഘത്തെ പിടികൂടിയില്ല. അക്രമികൾ ഒളിവിലാണെന്ന് പോലീസ് പറയുന്നു. രണ്ടു പേരെ ആക്രമിച്ച സംഘം വീട് തല്ലിത്തകർത്തു. കോട്ടയം തിരുവാതുക്കൽ മാന്താറ്റിൽ പ്രീമിയർ കോളജിനു സമീപം കളത്തൂത്തറ മെഹബൂബിന്റെ വീടാണ് അക്രമി സംഘം തകർത്തത്. മെഹബൂബ്, അയൽവാസി കാർത്തിക്(24) എന്നിവർക്കാണ് പരിക്കേറ്റത്.
തലയ്ക്ക് കന്പിവടി ഉപയോഗിച്ച് അടിയേറ്റ കാർത്തിക് മെഡിക്കൽ കോളജിലും, മെഹബൂബ് ജനറൽ ആശുപത്രിയിലും ചികിത്സയിലാണ്. ഇന്നലെ വൈകുന്നേരം 4.30-നാണ് സംഭവം. പ്രദേശത്ത് കഞ്ചാവ് മാഫിയയുടെ ശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം മാഫിയ സംഘവും നാട്ടുകാരും തമ്മിൽ വാക്കേറ്റവും സംഘർഷവുമുണ്ടായിരുന്നു. ഇതിനു പ്രതികാരം ചോദിക്കാൻ എത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്നു സംശയിക്കുന്നതായി കോട്ടയം വെസ്റ്റ് പോലീസ് പറഞ്ഞു.
കന്പിവടിയും, വടിവാളും ഉൾപ്പെടെയുള്ള മാരകായുധങ്ങളുമായി എത്തിയ സംഘം വീടിനുള്ളിൽ ആക്രമണം നടത്തുകയായിരുന്നു. വീടിന്റെ ജനൽ ചില്ലുകളും, ഗൃഹോപകരണങ്ങളും സംഘം തല്ലിത്തകർത്തു. വീട്ടുമുറ്റത്തിരുന്ന ബൈക്ക് അടിച്ചു തകർത്തു. സംഭവം കണ്ട് ഓടിയെത്തിയ കാർത്തിക്കിനെയും ആക്രമിക്കുകയായിരുന്നു.
സംഭവമറിഞ്ഞു കൂടുതൽ ആളുകൾ എത്തുകയും, നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയും ചെയ്തതോടെ സംഘം രക്ഷപ്പെട്ടു. വെസ്റ്റ് സിഐ എം.ജെ. അരുണിന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് എത്തി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചില മാരകായുധങ്ങൾ പോലീസ് കണ്ടെടുത്തിട്ടുണ്ട്.