വടക്കഞ്ചേരി: മൂലങ്കോട് കവളപ്പാടത്ത് ബിജെപി നേതാവ് ഷിബു (38)വിനെ വെട്ടി പരിക്കേല്പിച്ച കേസിൽ പ്രതികൾക്കായി പോലീസ് അന്വേഷണം ഉൗർജിതമാക്കി. ഇന്നലെ രാത്രിയും വീടുകളിലും പരിസരപ്രദേശങ്ങളിലും പ്രതികൾക്കായി റെയ്ഡ് നടന്നെങ്കിലും ആരെയും പിടികൂടാനായില്ല. എല്ലാവരും ഒളിവിലാണെന്നാണ് പോലീസ് ഭാഷ്യം.
വടക്കഞ്ചേരി എഎസ്പി ഭൈരവ് സക്സേന, ആലത്തൂർ ഡിവൈഎസ്പി ഷംസുദീൻ, വടക്കഞ്ചേരി സിഐ ടി.മനോഹരൻ, മംഗലംഡാം എസ്ഐ ഇ.പി.വർഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മനോജ്, അഖിൽജിത്ത്, ലെനിൻ, പ്രദീപ് തുടങ്ങി നാലുപേരും കൂടാതെ കണ്ടാലറിയാവുന്ന അഞ്ചുപേരും ഉൾപ്പെടെ ഒന്‍പത് സിപിഎം പ്രവർത്തകർക്കെതിരേയാണ് കൊലപാതകശ്രമത്തിന് കേസെടുത്തിട്ടുള്ളത്.
കവളപ്പാടം, മൂലങ്കോട്, മംഗലംഡാം എന്നിവിടങ്ങളിലുള്ളവരാണ് ഇവർ. അതേസമയം തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷിബു അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സർജറി കഴിഞ്ഞ് ഇന്നലത്തേതിനേക്കാളും നില മെച്ചപ്പെട്ടിട്ടുണ്ടെന്നു അവർ പറഞ്ഞു.സംഭവസ്ഥലത്ത് വൻതോതിൽ രക്തം വാർന്നുപോയതാണ് ഗുരുതരാവസ്ഥയ്ക്ക് കാരണമായത്. തിങ്കളാഴ്ച രാത്രി ഒന്‍പതരയ്ക്കാണ് മാര്യപ്പാടത്തുനിന്നും വീട്ടിലേക്കു നടന്നുവരുന്നതിടെ ഷിബുവിനെ വീട്ടുമുറ്റത്ത് അക്രമിസംഘം വെട്ടി പരിക്കേല്പിച്ചത്.
വലതുകൈയ്ക്കും വലതുകാലിനുമാണ് ആഴത്തിലുള്ള മുറിവേറ്റത്. മുഖംമറച്ചെത്തിയ സംഘം കൈയും കാലുംവെട്ടി രക്ഷപ്പെടുകയായിരുന്നു. മുറിവ് ആഴത്തിൽ താഴ്ന്നു കാലിലെ എല്ലിനും വെട്ടേറ്റു. ഈസമയം ഷിബുവിന്റെ അമ്മ ശിരോമണി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർ ബഹളം വച്ചതിനെ തുടർന്നാണ് അയൽവാസികൾ ഓടിയെത്തി ഷിബുവിനെ ആശുപത്രിയിലെത്തിച്ചത്.
സംഘർഷസാധ്യത കണക്കിലെത്ത് പ്രദേശത്ത് പോലീസ് കാവൽ തുടരുകയാണ്.