കിടങ്ങൂർ: സിനിമാ സ്റ്റെലിൽ സ്കൂട്ടർ തടഞ്ഞു നിർത്തി റിട്ട. അധ്യാപകന്റെ 2,35,000രൂപ തട്ടിയെടുത്ത സംഭവത്തിൽ കിടങ്ങൂർ പോലീസ് അന്വേഷണമാരംഭിച്ചു.
ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നു പാദുവ ശൗര്യാംകുഴിയിൽ ജോസഫിന്റെ (72) പണമാണ് കിടങ്ങൂർ പാദുവ റോഡിൽ കിടങ്ങൂർ എന്‍ജിനിയറിംഗ് കോളജിന് സമീപം ചൂരക്കാട്ട് പടിയിൽ വച്ചു തട്ടിയെടുത്തത്.
ഭാര്യയുടെ ചികിത്സയ്ക്കായി കിടങ്ങൂർ എസ്ബിഐ, കിടങ്ങൂർ സർവീസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽ നിന്നെടുത്ത് ബാഗിലാക്കി സ്കൂട്ടറിന്റെ സീറ്റിനടിയിൽ ആണ് പണം സൂക്ഷിച്ചിരുന്നത്.
രണ്ടു യുവാക്കൾ വഴി ചോദിക്കാനെന്ന തരത്തിൽ സ്കൂട്ടർ കൈ കാണിച്ചു നിർത്തി. വാഹനം നിർത്തിയ ഉടനെ അധ്യാപകനെ ഭീഷണിപ്പെടുത്തി താക്കോൽ തട്ടിയെടുത്ത് സീറ്റിന്റെ ലോക്ക് തുറന്ന് ബാഗ് തട്ടിയെടുത്ത ശേഷം അധ്യാപകനെ തള്ളിയിട്ട ശേഷം ഇരുവരും സമീപത്തെ റബർ തോട്ടത്തിലൂടെ ഓടി രക്ഷപ്പെടുകയായിരുന്നു.
ഒരാൾ കാവിമുണ്ടും ഷർട്ടും മറ്റൊരാൾ പാന്റും ഷർട്ടുമാണ് ധരിച്ചിരുന്നത്.ജോസഫ് പണമെടുത്തശേഷം സഹകരണ ബാങ്കിന്റെ മുന്നിൽ വച്ചു എണ്ണിതിട്ടപ്പെടുത്തിയിരുന്നു.
ഇതു കണ്ട പ്രതികൾ പണം തട്ടിയെടുക്കുന്നതിനുള്ള പദ്ധതി ആസൂത്രണം ചെയ്തതാണെന്ന് സംശയിക്കുന്നതായി കിടങ്ങൂർ പോലീസ് പറഞ്ഞു.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് യുവാക്കളെക്കുറിച്ച് അന്വേഷണം നടത്തുന്നത്.കിടങ്ങൂർ എസ്എച്ച്ഒ കെ.ആർ. ബിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.