ആലപ്പുഴ : ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കെ ആലപ്പുഴയിൽ ഗുണ്ടാ ആക്രമണം. ജില്ലയിൽ പോലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ നടന്ന ഗുണ്ടാ ആക്രമണം പോലീസിന്റെ വീഴ്ചയായാണ് വിലയിരുത്തൽ.
ആര്യാട് കൈതകത്ത് ഗുണ്ടകൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ യുവാവിന് വെട്ടേറ്റു. ആര്യാട് കൈതത്തിൽ നികർത്തിൽ രതീഷ് എന്ന യുവാവിനാണ് വെട്ടേറ്റത്. വീടുകയറി ആക്രമിച്ച് വെട്ടി പരിക്കേൽപിക്കുകയായിരുന്നു.
ആര്യാട് സ്വദേശി ബിനു എന്ന യുവാവിനെ വെട്ടിയ സംഭവത്തിന്റെ തുടർച്ചയായാണ് ആക്രമണമെന്ന് പറയുന്നു ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നത്. രണ്ടു സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് പ്രശ്നത്തിലേക്ക് നയിച്ചത്.
ബിനുവിന്റെ സഹോദരനെ മൂന്ന് മാസം മുമ്പ് ആക്രമിച്ചിരുന്നുവെന്നും ഇതിന്റെ വൈരാഗ്യത്തിലാണ് വെട്ടേറ്റതെന്നുമാണ് പോലീസ് പറയുന്നത്.
പ്രശ്നത്തിൽ രാഷ്ട്രീയമില്ലെന്നും പോലീസ് വ്യക്തമാക്കുന്നു. അതേ സമയം പോലീസിന്റെ വീഴ്ചയായും ഇതിനെ കാണുന്നുണ്ട്.