കോട്ടയം : ബൈക്ക് ഇടിക്കാൻ ചെന്നുവെന്നു പറഞ്ഞ് മൂന്നു പേർ ചേർന്ന് യുവാവിനെ ഹെൽമറ്റിനിടിച്ചു പരിക്കേൽപിച്ച സംഭവത്തിൽ പ്രതികളെ കറുകച്ചാൽ പോലീസ് അറസ്റ്റു ചെയ്തു. നെടുംകുന്നം മുളയംവേലി സ്വദേശി അഖിൽ ജോസഫ് (24), മാടപ്പള്ളി സ്വദേശി കെവിൻ അലക്സ് (21), ശാന്തിപുരം സ്വദേശി സജിൻ സാം (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നു കോടതിയിൽ ഹാജരാക്കും.
കൂത്രപ്പള്ളി സ്വദേശി സുബിൻ ജോസഫിനെ (17)യാണ് ഇവർ ഹെൽമറ്റ് ഉപയോഗിച്ച് ആക്രമിച്ചത്. ഇന്നലെ വൈകുന്നേരം അഞ്ചരയോടെ കൂത്രപ്പള്ളിയിലാണ് സംഭവം. സുബിൻജോസഫ് കൂട്ടുകാരന്റെ ബൈക്കിൽ വരുന്പോൾ പ്രതികൾ മൂന്നു പേരും മറ്റൊരു ബൈക്കിൽ വരികയായിരുന്നു.
പ്രതികളുടെ ബൈക്കിനു നേരേ ഇടിക്കാൻ ചെന്നുവെന്നുപറഞ്ഞ് സുബിൻജോസഫ് സഞ്ചരിച്ച ബൈക്ക് തടഞ്ഞു നിർത്തിയാണ് ആക്രമിച്ചത്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയാണ് പ്രതികളെ പിടികൂടിയത്. പ്രതികളിൽ അഖിൽ ജോസഫ്, കെവിൻ അലക്സ് എന്നിവർക്കെതിരേ പിടിച്ചുപറിക്കേസ് നിലവിലുള്ളതായി കറുകച്ചാൽ പോലീസ് അറിയിച്ചു.