തിരുവനന്തപുരം: വനിതാ ഐപിഎസ് ട്രെയിനിയെ ആക്രമിച്ച് മാലപിടിച്ചുപറിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ തിരുവല്ലം പോലീസ് പിടികൂടി. പൂന്തുറ മാണിക്കവിളാകം സ്വദേശി സലിം (25) ആണ് പിടിയിലായത്.
ഇയാൾ കാറ്ററിംഗ് ജീവനക്കാരനാണ്.
ഇക്കഴിഞ്ഞ ശനിയാഴ്ച കോവളം പാച്ചല്ലൂർ കൊല്ലന്തറ സർവീസ് റോഡിൽ വച്ചാണ് പ്രഭാത സവാരിക്കിറങ്ങിയ ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാനുള്ള ശ്രമം നടന്നത്. ബൈപ്പാസിന്റെ വശത്തുളള സർവീസ് റോഡിലൂടെ നടക്കുകയായിരുന്ന വനിതാ ഓഫീസറെ ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് സമീപമെത്തി ബൈക്കിന്റെ വേഗത കുറച്ചശേഷം മാലപൊട്ടിക്കാൻ ശ്രമിച്ചു. തുടർന്ന് ഐപിഎസ് ഉദ്യോഗസ്ഥ ബൈക്കിന്റെ പിന്നാലെ ഓടിയെങ്കിലും യുവാവ് രക്ഷപ്പെടുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടാൻ സാധിച്ചത്. സിറ്റി പോലീസ് കമ്മീഷണർ സഞ്ജയ് കുമാർ ഗരുഡിന്റെ നിർദേശാനുസരണം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ആർ.പ്രതാപൻ നായർ, ഷാഡോ പോലീസ്, തിരുവല്ലം പോലീസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ നേരത്തെ സമാന കേസുകളിൽ പ്രതിയായിട്ടുണ്ടോയെന്ന് പരിശോധിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.