നെടുമങ്ങാട്: വീടു കയറി ആക്രമിച്ച് സ്വർണ മാല കവർന്ന കേസിൽ മൂന്നംഗ സംഘത്തിലെ ഒരാൾ പിടിയിൽ. തിരുമല വേട്ടമുക്ക് ഉദയഗിരി നഗർ കാട്ടിൽ വീട്ടിൽ സന്തോഷ് കുമാർ (ശശി, 25 ) നെയാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ 25ന് വൈകുന്നേരം 3.30 ന് കരകുളം തറട്ട പുള്ളിക്കോണം സുരേന്ദ്രന്റെ വീട്ടിലുണ്ടായ സംഭവത്തിൽ സുരേന്ദ്രന്റെ ഭാര്യ രമ, മകൾ സുചിത്ര, മരുമകൻ രഞ്ജിത്ത് എന്നിവർക്ക് മർദനമേറ്റിരുന്നു.
ആക്രമണത്തിൽ രഞ്ജിത്തിന്റെ കഴുത്തിൽ കിടന്ന രണ്ടര പവന്റെ മാലയാണ് നഷ്ടപ്പെട്ടത്. സുരേന്ദ്രന്റെ മകൻ സുജിത്തിനോടുള്ള മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ആക്രമണ സമയം സുജിത് വീട്ടിൽ ഇല്ലായിരുന്നു. ആക്രമണത്തിനുശേഷം സന്തോഷിന്റെ ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
സന്തോഷ് കുമാറിന്റെ പേരിൽ പൂജപ്പുര, വട്ടിയൂർക്കാവ് എന്നീ സ്റ്റേഷനുകളിൽ പിടിച്ചുപറി, കൂലിത്തല്ല്, പോലീസിനെ ആക്രമിച്ചത് ഉൾപ്പെടെ നിരവധി കേസുണ്ടെന്ന് പോലീസ് പറഞ്ഞു. അരുവിക്കര ഇൻസ്പെക്ടർ ഷിബു കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അക്രമി സംഘം തറട്ട മാവുവിള വീട്ടിൽ അരുണിന്റെ ഓട്ടോറിക്ഷ തകർക്കുകയും, വാൾ കാട്ടി ഭീഷണിപ്പെടുത്തിയതിന്റെ പേരിൽ മറ്റൊരു കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസിലുൾപ്പെട്ട രണ്ട് പേർ ഒളിവിലാണ്.