തിരുവനന്തപുരം: വർക്കലയിൽ രാത്രി കടയടച്ച് വീട്ടിലേക്കു മടങ്ങിയ അമ്മയേയും മകനെയും ആക്രമിച്ച കേസിൽ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചുവെന്ന് പോലീസ്. പ്രതികളെ പിടികൂടാൻ അന്വേഷണം ഉൗർജിതമാക്കിയെന്നും പോലീസ് വ്യക്തമാക്കി. വർക്കല ഹെലിപ്പാഡിന് സമീപം കർണാടക ഗാർമെന്റ്സ് എന്ന പേരിൽ ഷോപ്പ് നടത്തുന്ന കർണാടക സ്വദേശി ശാരദ (40), മകൻ സാഗർ (16) എന്നിവരെയാണ് ഒരു സംഘം ഇന്നലെ രാത്രിയിൽ വെട്ടിപ്പരിക്കേൽപ്പിച്ചത്.
ശാരദയുടെ കാലിൽ അക്രമി സംഘം വെട്ടിപ്പരിക്കേൽപ്പിക്കുകയും മകനെ മർദ്ദിക്കുകയും ചെയ്തെന്ന് ശാരദ പോലീസിൽ മൊഴി നൽകിയിരുന്നു. മുഖംമൂടി ധരിച്ച നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ശാരദ പോലീസിനോട് വ്യക്തമാക്കി. ആക്രമണത്തിൽ പരിക്കേറ്റ ശാരദ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം ആക്രമണവുമായി ബന്ധപ്പെട്ട് ശാരദയുടെ ഒരു വനിതാ സുഹൃത്തിനെ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ഉൗർജിതമാക്കിയിട്ടുണ്ട്.