കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനുനേരേ ഒരു കൂട്ടം കെഎസ് യു-യൂത്ത് കോൺഗ്രസുകാർ നടത്തിയ അക്രമത്തിനു പിന്നിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ ആസൂത്രിത ഗൂഢാലോചനയാണെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ.
പ്രതിഷേധത്തിന്റെ മറവിൽ അക്രമവും കലാപവും അഴിച്ചുവിട്ട് അരാജകത്വം സൃഷ്ടിക്കാനാണ് ഭാവമെങ്കിൽ പ്രത്യാഘാതം ഗുരുതരമായിരിക്കും.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും ഷൂസും കരിങ്കൽ ചീളുകളുമുപയോഗിച്ച് എറിയാൻ അണികളെ ഇറക്കിവിടുന്നതിന് നേതൃത്വം നൽകുന്നത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സംഘവുമാണെന്ന് ഉറപ്പാണ്.
ഇങ്ങനെ ജനനേതാക്കളെ ആക്രമിച്ച് ഇത്തരം സമരാഭാസം തുടരാനാണ് ഭാവമെങ്കിൽ കേരള ജനത കയ്യും കെട്ടി നോക്കിയിരിക്കുമെന്ന് കോൺഗ്രസ് നേതൃത്വം വ്യാമോഹിക്കരുതെന്നും ജയരാജൻ പറഞ്ഞു.