അസാമാന്യ ബുദ്ധിശക്തിയും കഴിവുമുള്ള കൊച്ചുകുട്ടികളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ കാണാറുള്ളതാണ്. അതിശയിപ്പിക്കുന്ന ഓർമശക്തിയും ബുദ്ധികൂർമതയുമുള്ള ഇവർ സോഷ്യൽ മീഡിയയിലെ വൈറൽ താരങ്ങളാണ്.
എന്നാൽ ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള അക്രിത് പ്രാണ്‍ ജസ്വാള് എന്ന കുട്ടിയാണ് ഇപ്പോൾ തന്റെ കഴിവുകൊണ്ട് തരംഗമായ കൊച്ചുമിടുക്കൻ. തന്റെ ഏഴാം വയസില്‍ ശസ്ത്രക്രിയ നടത്തി ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് അക്രിത്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശസ്ത്രക്രിയ വിദഗ്ദന് എന്ന പേരും അക്രിത് സ്വന്തമാക്കി. ഹിമാചല്‍ പ്രദേശിലെ നൂര്‍പൂര്‍ സ്വദേശിയാണ് അക്രിത് പ്രാണ്‍ ജസ്വാള്.
രണ്ട് വയസ് തികഞ്ഞപ്പോഴേക്കും അക്രിത് എഴുത്തും വായനയും തുടങ്ങിയെന്നും അഞ്ച് വയസുള്ളപ്പോള്‍ ഇംഗ്ലീഷ് ക്ലാസിക്കുകള്‍ വായിച്ചു തുടങ്ങിയെന്നും അക്രിതിന്റെ കുടുംബം പറഞ്ഞു. തുടർന്ന് ഏഴാം വയസിലാണ് സ്വന്തമായി ശസ്ത്രക്രിയ നടത്തിയത്. പൊള്ളലേറ്റ ഒരു എട്ട് വയസുകാരന്റെ കൈകളിലാണ് ആദ്യമായി അക്രിത് ശസ്ത്രക്രിയ നടത്തിയത്.
പിന്നാലെ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ യൂണിവേഴ്സിറ്റി വിദ്യാര്‍ഥി എന്ന ബഹുമതിയും അക്രിത് സ്വന്തമാക്കി. 13-ാം വയസില്‍, തന്റെ പ്രായപരിധിയിലെ ഏറ്റവും ഉയര്‍ന്ന ഐക്യൂകളില് ഒന്നും (146) ഈ കൊച്ചുമിടുക്കന്റെതായി. ഇതിഹാസതാരം ഓപ്ര വിന്‍ഫ്രി അവതാരകയായ ലോകപ്രശസ്ത ടോക്ക് ഷോയില്‍ പങ്കെടുത്തിരുന്നു. ആ വേദിയിലെ അസാമാന്യ പ്രകടനമാണ് അക്രിതിന് രാജ്യന്തര തലത്തില്‍ അറിയപ്പെടുന്ന പ്രതിഭയാക്കി മാറ്റിയത്.
കാണ്‍പൂര്‍ ഐഐടിയില്‍ നിന്നാണ് അക്രിത് എൻജിനിയറിംഗ് പൂര്‍ത്തിയാക്കിയത്. 12-ാം വയസില്‍ ചണ്ഡീഗഡ് സര്‍വകലാശാലയില്‍ സയന്‍സ് പഠിക്കാന്‍ അക്രിത് ചേര്‍ന്നു. 17-ാം വയസിലാണ് അപ്ലൈഡ് കെമിസ്ട്രിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കുന്നത്. എന്നാൽ 31 വയസ് പൂര്‍ത്തിയായ അക്രിത് ഇപ്പോൾ കാന്‍സര്‍ രോഗത്തിനുള്ള മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.