തലശേരി: വനാതിർത്തിയിൽ താമസിക്കുന്നവരെ ഉൾപ്പെടുത്തി വന്യജീവി പ്രതിരോധസേന രൂപീകരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വനംമന്ത്രി എ.കെ. ശശീന്ദ്രൻ.
വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് ഉടൻ സഹായധനം നൽകുമെന്നും മന്ത്രി ഉറപ്പു നൽകി. തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തിലുള്ള കത്തോലിക്ക കോൺഗ്രസ് നേതാക്കളുമായി തലശേരി പിഡബ്ല്യുഡി റെസ്റ്റ് ഹൗസിൽ നടത്തിയ ചർച്ചയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പറഞ്ഞത്.
സ്പീക്കർ എ.എൻ. ഷംസീറും വനം-വന്യജീവി വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ ഉൾപ്പെടെയുള്ളവരും ചർച്ചയിൽ പങ്കെടുത്തു.
കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിൽ വന്യജീവികളുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങൾ വിശദമായി കത്തോലിക്കാ കോൺഗ്രസ് നേതാക്കൾ അവതരിപ്പിച്ചു. ഫെൻസിംഗ് ഇല്ലാത്ത ഇടങ്ങളിൽ ഫെൻസിംഗ് സ്ഥാപിക്കാനും നിലവിലുള്ള സ്ഥലങ്ങളിൽ അവ പരിരക്ഷിക്കാനും തീരുമാനമായി. വനമേഖലയോടടുത്തുള്ള തദ്ദേശ നിവാസികളുടെ സഹകരണത്തോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ പ്രശ്നപരിഹാരം കണ്ടെത്തണമെന്ന് മന്ത്രി നിർദേശിച്ചു.
തയ്യേനിയിൽ തൊഴിലുറപ്പ് പണിക്കിടെ, കടന്നൽക്കുത്തേറ്റു മരിച്ച വേളൂർ സണ്ണിയുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ അടിയന്തരമായി അനുവദിക്കാൻ മന്ത്രി നിർദേശം നൽകി. ഒരു ലക്ഷം രൂപ തിങ്കളാഴ്ചതന്നെ, കാസർഗോഡ് ഡിഎഫ്ഒ സണ്ണിയുടെ വീട്ടിൽ എത്തിച്ചു നൽകണമെന്നും മന്ത്രി നിർദേശിച്ചു.
നാട്ടിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കുന്നതിന് വിമുക്തഭടന്മാരെ ഉൾപ്പെടുത്തി തദ്ദേശവാസികൾക്ക് പരിശീലനം നൽകുന്ന കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യും. കൊട്ടിയൂർ വനാതിർത്തിയിൽ തനിയെ താമസിക്കുന്ന നിരാലംബരായ വൃദ്ധ ദമ്പതികളെ പുനരധിവസിപ്പിക്കുന്ന കാര്യത്തിൽ ഉടൻ നടപടിയെടുക്കുന്നതിന് നോർത്തേൺ സർക്കിൾ സിസിഎഫിനെ ചുമതലപ്പെടുത്തി. വയനാട് ചുരം റോഡിന് ബദൽ പാത നിർമിക്കുന്നതു സംബന്ധിച്ച് ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ നിർദേശം സർവാത്മനാ പിന്തുണയ്ക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ, തലശേരി അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത്, മാനന്തവാടി രൂപത പ്രസിഡന്റ് ജോൺസൺ തൊഴുത്തുങ്കൽ, സജി ഫിലിപ്പ് വട്ടക്കാമുള്ളേൽ, അതിരൂപത ട്രഷറർ സുരേഷ് കാഞ്ഞിരത്തിങ്കൽ, എക്സിക്യൂട്ടീവ് മെംബർ ആന്റോ തെരുവൻകുന്നേൽ എന്നിവരും വനംവകുപ്പ് ഉദ്യോഗസ്ഥരായ ഫോറസ്റ്റ് ഫോഴ്സ് മേധാവി ഗംഗാ സിംഗ്, അഡി. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ഡോ. പി. പുകഴെന്ദി, സിസിഎഫ്മാരായ വിജയാനന്ദൻ, കെ.എസ്. ദീപ, ഡിഎഫ്ഒമാരായ ജോസ് മാത്യു, ആഷിഖ് അലി, കെ. അഷ്റഫ്, ഡിസിഎഫ് പി. ബിജു എന്നിവരും ചർച്ചയിൽ പങ്കെടുത്തു.