തിരുവനന്തപുരം: വനംവാച്ചർ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിഷേധത്തിൽ പ്രതികരണവുമായി വനംമന്ത്രി എ.കെ.ശശീന്ദ്രന്. വനംവന്യജീവി ആക്രമണത്തെ തുടർന്നുണ്ടാകുന്ന പ്രതിഷേധങ്ങൾ സ്വാഭാവികമാണെന്നും ഇപ്പോൾ വയനാട്ടിലേക്ക് പോകില്ലെന്നും മന്ത്രി.
പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. എന്നാൽ അത് അക്രമാസക്തമാകുന്നത് കാര്യങ്ങൾ സങ്കീർണമാക്കും. വയനാട്ടിൽ പോയില്ലെന്നത് ആരോപണമല്ല വസ്തുതയാണ്. കാര്യങ്ങള്‍ ചെയ്യാന്‍ വയനാട്ടില്‍ പോകേണ്ടതില്ല. ഉത്തരവാദിത്വപ്പെട്ടവരുമായി താന്‍ സംസാരിക്കുന്നുണ്ട്. താനടക്കമുള്ള മൂന്ന് മന്ത്രിമാര്‍ ചൊവ്വാഴ്ച വയനാട്ടിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ജനക്കൂട്ടത്തോടല്ല, ഉത്തരവാദപ്പെട്ടവരോടാണ് സംസാരിക്കേണ്ടത്. വികാരപരമായ അന്തരീക്ഷത്തിൽ ഇടപെടുന്നതിനേക്കാൾ ശാന്തമായിരിക്കുമ്പോൾ അവരെ കേൾക്കുന്നതാണ് നല്ലതെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിലെ പ്രശ്നങ്ങൾ സങ്കീർണമാക്കാൻ ചില വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട്. അതിനെ കുറിച്ച് കൂടുതൽ അന്വേഷണം വേണം. വയനാട്ടിലെ കാര്യങ്ങൾ ഓരോ മണിക്കൂറിലും വിലയിരുത്തുമെന്ന് മന്ത്രി അറിയിച്ചു.