പത്തനംതിട്ട: ഈ ഓണം ഒന്നിച്ചുണ്ണാമെന്ന് അമ്മയ്ക്കും അനിയത്തിക്കും വാക്ക് നൽകിയാണ് തന്നെ തേടിവരുന്ന ദുരന്തത്തെ അറിയാതെ ആകാശ് ഫോൺ വച്ചത്. പന്തളം സ്വദേശിയായ ഈ 32കാരനായിരുനാണ് തന്റെ കുടുംബത്തിന് താങ്ങും തണലുമായി നിന്നത്.
ചെറുപ്പത്തിൽ തന്നെ അച്ഛൻ നഷ്ടപ്പെട്ട ആകാശിന്റെ ലോകം അമ്മ ശോഭനയും അനിയത്തി ശാരിയുമായിരുന്നു. തന്റെ പ്രായമെത്തിയവർ കുടുംബം പുലർത്തുന്നതിനു മുന്നേതന്നേ ആ ചെറുപ്പക്കാരൻ കുടുംബത്തിന്റെ ചുമതല ഏറ്റെടുത്ത് നോക്കിനടത്തി.
അങ്ങനെയാണ് ആകാശ് വിദേശത്തേക്ക് പറന്നത്. എട്ടുവർഷമായി വിദേശത്ത് ജോലിനോക്കുന്ന ആകാശ് അഗ്നിബാധയുണ്ടായ കമ്പനിയുടെ സ്റ്റോർ ഇൻ ചാർജായി ജോലിനോക്കിവരുകയായിരുന്നു. ഒന്നര വർഷക്കാലത്തിന് മുൻപായിരുന്നു ആകാശ് നാട്ടിലെത്തി മടങ്ങിയത്.
ഇക്കൊല്ലത്തെ ഓണത്തിന് ഉറപ്പായും നാട്ടിൽ ഉണ്ടാകുമെന്ന് ഉറപ്പ് നൽകിയിരുന്നു. മൂന്നു മാസത്തെ ശമ്പള കുടിശിക കിട്ടാൻ ഉണ്ടെന്നു ദുരന്തതിന്റെ തലേന്നും വീട്ടുകാരോട് പറഞ്ഞിരുന്നു.
ബുധനാഴ്ച രാത്രി മകന്റെ വിളി പ്രതീക്ഷിച്ചിരിക്കവേയാണ് ആ അമ്മയെത്തേടി കുവൈത്തിലെ ദുരന്തവാർത്ത എത്തിയത്. എല്ലാവരോടും ചിരിച്ചു സംസാരിച്ചിരുന്ന ആകാശ് ഇനി ഇല്ലെന്ന സത്യം ഇനിയും ഉൾക്കൊള്ളാൻ ഈ നാടിനും വീടിനും ആയിട്ടില്ലെന്ന് ആകാശിന്റെ ചെറിയച്ഛൻ പറഞ്ഞു.