ഉലകനായകൻ കമൽഹാസന്റെ ഇളയപുത്രി അക്ഷരഹസൻ വാർത്തകളിൽ നിറയുകയാണ്. അജിത്ത് നായകനാകുന്ന വിവേകത്തിലൂടെ അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനുള്ള ഒരുക്കത്തിലാണ് അക്ഷര. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രചരണപരിപാടിക്കിടെ ആത്മീയതയുമായി ബന്ധപ്പെട്ട് ഇവർ പറഞ്ഞകാര്യങ്ങളാണ് ചർച്ചാവിഷയമായിക്കൊണ്ടിരിക്കുന്നത്.
അക്ഷര ബുദ്ധമതം സ്വീകരിച്ചുവെന്നും ബുദ്ധന്റെ സിദ്ധാന്തങ്ങളിൽ ആകർഷ്ടയായി ആണ് ഇവർ ഇതിനു തയാറായതെന്നുമുള്ള രീതിയിലാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്. കമൽഹാസൻ പോലുമറിയാതെയാണ് അക്ഷര മതം മാറിയത്. നിരീശ്വരവാദിയായ കമലിന് എന്താണ് പറയാൻ ഉള്ളത് എന്നതരത്തിലാണ് ട്വിറ്ററിൽ പരക്കെയുള്ള സംസാരം.
സംഭവമറിഞ്ഞ് അക്ഷരയോട് കാര്യമാരാഞ്ഞിരിക്കുകയാണ് കമൽ. “ഞാൻ അറിഞ്ഞു നീ മതം മാറിയെന്ന്. പക്ഷെ എനിക്കിപ്പോഴും നിന്നോട് സ്നേഹമാണ്. എനിക്ക് നിന്നോടുള്ള സ്നേഹത്തിന് പരിധികളില്ല. പക്ഷെ മതം അങ്ങനെയല്ല. ജീവിതം ആസ്വദിക്കു…’ ഇത് വായിച്ച അക്ഷര അച്ഛനു മറുപടിയും നൽകി. “ഞാൻ മതം മാറിയിട്ടില്ല. ഇപ്പോഴും നിരീശ്വരവാദിതന്നെയാണ്. പക്ഷെ ബുദ്ധമതം എന്നെ ആകർഷിക്കുന്നു. അതൊരു ജീവിത രീതിയാണ്..’ എന്നായിരുന്നു അക്ഷരയുടെ മറുപടി.