സ്വന്തം ലേഖകന്‍
കോഴിക്കോട്: നെടുമ്പാശേരിയില്‍ 2013-ല്‍ സ്വര്‍ണക്കടത്ത് നടത്തിയെന്ന കേസുമായി ബന്ധപ്പെട്ട് തെന്നിന്ത്യന്‍ ചലച്ചിത്ര നടിയെ ചോദ്യം ചെയ്തതിലൂടെ അന്വേഷണം സിനിമാ മേഖലയിലെ കൂടുതല്‍ പേരിലേക്ക്.
തമിഴ്, കന്നഡ നടിയും മോഡലുമായ അക്ഷര റെഡ്ഡിയെ (ശ്രവ്യ സുധാകര്‍) യെയാണ്എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്.
സ്വര്‍ണകടത്തുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു.
എന്നാല്‍ ബോളിവുഡ് പ്രമുഖര്‍ ഉള്‍പ്പെടെ കണ്ണിയായ കേസാണിതെന്നാണ് ഇഡി പറയുന്നത്.
ഇതില്‍ ഒരു ചെറിയ റോള്‍മാത്രമാണ് അക്ഷരറെഡ്ഡിക്കുള്ളത്. ഇഡി.അഞ്ചു മണിക്കൂറാണ് നടിയെ ചോദ്യം ചെയ്തത്.സ്വര്‍ണക്കടത്തു സംഘം കള്ളപ്പണം സിനിമാ മേഖലയില്‍ നിക്ഷേപിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍.
നേരത്തെ മലയാളത്തിലെ പുതുമുഖ നടിയെയും മോഡലുകളെയും സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കാം എന്ന് പറഞ്ഞ് സ്വര്‍ണകടത്തിനായി ഉപയോഗിച്ചിരുന്നു.
ഇതില്‍ അന്വേഷണം മുന്നേറിയതോടെ മാഫിയാസംഘം പദ്ധതികള്‍ മാറ്റി. അപ്പോഴും സിനിമാ മേഖലയുമായുള്ള ബന്ധം അതുപോലെ തുടര്‍ന്നു.
ഇപ്പോള്‍ വീണ്ടും ഇത്തരം സംഭവങ്ങള്‍ ഏറിവരികയാണ്. സ്വര്ണകടത്തുന്നത് വഴി ലഭിക്കുന്ന കോടികള്‍ സിനിമാ മേഖലയില്‍ ചിലവഴിക്കപ്പെടുന്നു എന്നാണ് ഇഡിയുടെ കണ്ടെത്തല്‍.
കോഴിക്കോട് ഇഡി സബ് സോണല്‍ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടര്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലായിരുന്നു അക്ഷര റെഡ്ഡിയെചോദ്യം ചെയ്യല്‍.
നെടുമ്പാശേരി വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 20 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചിരുന്നത്.
കള്ളപ്പണം സിനിമാ മേഖലയില്‍ വെളുപ്പിച്ചതായും അതേപ്പറ്റിയുള്ള വിവരങ്ങള്‍ അക്ഷരക്ക് അറിയാമെന്നുമുള്ള ഇഡിയുടെ അനുമാനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കടത്തിയ 20 കിലോ സ്വര്‍ണം കള്ളപ്പണമാക്കിയത് സിനിമാ മേഖലയില്‍ നിക്ഷേപിച്ചാണെന്നാണ് കേസ്.നടിയുടെ ബന്ധം നേരത്തേ തന്നെ കണ്ടെത്തിയതായാണ് അധികൃതര്‍ പറയുന്നത്.
ഇതിന്റെ ഭാഗമായി മുമ്പ് സിബിഐ കൊച്ചി യൂണിറ്റ് ഇവരെ ചോദ്യം ചെയ്തിട്ടുണ്ട്. അതിനുശേഷം അക്ഷരാ റെഡ്ഡി പ്ലാസ്റ്റിക് സര്‍ജറി ഉള്‍പ്പെടെ നടത്തിയത് വലിയ വിവാദമായിരുന്നു.
കൊച്ചിയിലെ ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥരെയടക്കം പ്രതി ചേര്‍ത്തുകൊണ്ടാണ് കേസ്. വടകര സ്വദേശിയായ ഫയാസ് വനിതകളെ ഉപയോഗിച്ച് സ്വര്‍ണം കടത്തിയതായാണ് ആരോപണം.
സംഭവത്തില്‍ ഫയാസിന്റെ വടകരയിലുള്ള വീട് അടക്കം 1.84 കോടിയുടെ മുതലുകള്‍ ഇഡി കണ്ടു കെട്ടിയിരുന്നു.ഫയാസിന് സിനിമാമേഖലകളിലെ പല പ്രമുഖരുമായും ഫയാസിന് അടുത്ത ബന്ധമുണ്ട്.