കോട്ടയം: ഭാഷാസ്നേഹികളില്‍ കൗതുകം നിറയ്ക്കുന്ന മറിയപ്പള്ളിയിലെ അക്ഷരം മ്യൂസിയം ചിങ്ങത്തില് തുറക്കും. രാജ്യത്തെ ആദ്യ അക്ഷരമ്യൂസിയമെന്ന വിശേഷണത്തോടെ തുടക്കമിടുന്ന ഇവിടെയെത്തിയാല്‍ ലോക-മലയാള ഭാഷയുടെ പരിണാമം, വളര്‍ച്ച എന്നിവ അടുത്തറിയാം. 15 കോടി ചെലവിട്ടുള്ള മ്യൂസിയത്തിന്റെ ഒന്നാംഘട്ടമാണു പൂര്‍ത്തിയായത്. ഓഗസ്റ്റ് പകുതിയോടെ ഉദ്ഘാടനം നടത്താനാണ് തീരുമാനം.
ഭാഷയുടെ ഉല്പത്തി മുതല്‍ മലയാളഭാഷയുടെ സമകാലിക മുഖംവരെ അടയാളപ്പെടുത്തുന്ന വിവിധ ഗാലറികളാകും ആദ്യഘട്ടത്തിലെ പ്രത്യേകത. ലോകത്തിലെ വിവിധ ലിപികളെ പരിചയപ്പെടുത്തുന്നതിനൊപ്പം പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ലോകഭൂപടത്തില്‍ തൊടുമ്പോള്‍ അവിടത്തെ ഭാഷകളും അതിന്റെ പ്രത്യേകതകളും അറിയാന്‍ കഴിയുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
വീഡിയോ ഗാലറികളും വിവിധ വിഷയങ്ങളില്‍ ഡിജിറ്റൽ വാളുകളുമുണ്ടാകും. ഭാഷയുടെ വികാസം വിശദമാക്കുന്ന മള്‍ട്ടിമീഡിയ പ്രദര്‍ശനവുമുണ്ടാകും.ഇതിനൊപ്പം 60 പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന തിയറ്ററുമുണ്ട്. ഇതില്‍ പ്രദര്‍ശിപ്പിക്കാന്‍ എട്ട് ഡോക്യൂമെന്ററികളും തയാറാക്കിയിട്ടുണ്ട്. കാരൂര്‍ നീലകണ്ഠപിള്ളയുടെ പ്രതിമയും മ്യൂസിയത്തിനൊപ്പം സ്ഥാപിക്കും.
സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന്റെ (എസ്പിസിഎസ്) ഉടമസ്ഥതയില്‍ നാട്ടകം മറിയപ്പള്ളിയിലെ സ്ഥലത്താണു മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. എംസി റോഡിനോടു ചേര്‍ന്നുള്ള മ്യൂസിയത്തിന്റെ മേല്‍നോട്ടവും എസ്പിസിഎസിനാണ്.ചരിത്രവിദ്യാര്‍ഥികള്‍ക്കും ഭാഷാസ്നേഹികള്‍ക്കും ഗവേഷകര്‍ക്കും പഠനത്തിനു പ്രയോജനപ്പെടുന്ന തരത്തിലാണ് മ്യൂസിയമെന്ന് എസ്പിസിഎസ് അധികൃതര്‍ പറഞ്ഞു.
ലോകഭാഷാ ലിപികള്‍ സമാഹരിച്ച് സ്ഥാപിക്കപ്പെട്ടിട്ടുള്ള മ്യൂസിയം രാജ്യത്ത് വേറെയില്ല. സംവാദങ്ങള്‍ക്കും ആശയപ്രചാരണത്തിനും ചര്ച്ചാവേദികള്ക്കുമുള്ള ഇടമായി ഭാവിയില്‍ മ്യൂസിയത്തെ മാറ്റാന്‍ ലക്ഷ്യമിടുന്നുണ്ടെന്നും ഇവര്‍ പറഞ്ഞു.ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിയാണു കെട്ടിടം നിര്‍മിച്ചത്.
ഇതിന്റെ ജോലികള്‍ പൂര്‍ത്തിയായി. മ്യൂസിയത്തിനുള്ളില്‍ ഗാലറികള്‍ ഒരുക്കുന്ന ജോലികളാണു പുരോഗമിക്കുന്നത്. അടുത്ത ദിവസങ്ങളില്‍ ഇത് പൂര്‍ത്തിയാകും. വൈദ്യുതി കണഷന്‍ അടക്കമുള്ളവയുടെ നടപടികളും പുരോഗമിക്കുകയാണ്. അടുത്തഘട്ടങ്ങളുടെ നിര്‍മാണത്തിനും ഉടന്‍ തുടക്കമാകും. ഇതിനായി 11.30 കോടിയുടെ പദ്ധതിക്ക് സര്‍ക്കാറിന്റെ സാങ്കേതിക അനുമതി ലഭിച്ചുകഴിഞ്ഞു.
രണ്ടാംഘട്ടത്തില്‍ ഇന്ത്യന്‍ ഭാഷകളെയും ലോക ഭാഷകളെയും വിശദമായി ഉള്‍ക്കൊള്ളിക്കും. മൂന്ന്, നാല് ഘട്ടങ്ങളിലായി മലയാള സാഹിത്യത്തിന്റെ വിവിധ ശാഖകളെ അടയാളപ്പെടുത്തും.