ഇന്ത്യന്‍ സിനിമാലോകത്ത് അട്ടുമിക്ക ആളുകളും ദാനശീലരാണ്. സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നവരാണ് അവരില്‍ നല്ലൊരുശതമാനം ആളുകളും. ഇപ്പോഴിതാ ബോളിവുഡില്‍ നിന്നും ഇത്തരത്തിലുള്ള ഒരു നല്ല വാര്‍ത്ത വന്നിരിക്കുന്നു. മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബത്തിന് ബോളിവുഡ് താരം അക്ഷയ്കുമാര്‍ ധനസഹായം വിതരണം ചെയ്തു എന്നതാണ് ആ വാര്‍ത്ത. കൊല്ലപ്പെട്ട 12 ജവാന്‍മാരുടെയും വീടുകളില്‍ അക്ഷയ് കുമാര്‍ ഒമ്പത് ലക്ഷം രൂപ വീതം നല്‍കി. 1.08 കോടി രൂപയാണ് ധനസഹായമായി നല്‍കിയ ആകെ തുക.
ഛത്തീസ്ഗഢ് സുഖ്മ ജില്ലയില്‍ സിആര്‍പിഎഫ് ജവാന്‍മാരും മാവോയിസ്റ്റുകളും തമ്മില്‍ ശനിയാഴ്ച്ചയുണ്ടായ ഏറ്റുമുട്ടലിലാണ് 12 അര്‍ധസൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. സിആര്‍പിഎഫിന്റെ 219-ാം ബറ്റാലിയനിലെ ജവാന്‍മായിരുന്നു കൊല്ലപ്പെട്ടത്.
ജയ്സാല്‍മീര്‍ നോര്‍ത്ത് സെക്ടര്‍ ഡിഐജി അമിത് ലോധ ഐപിഎസുമായി അക്ഷയ് കുമാര്‍ ബന്ധപ്പെട്ടിരുന്നു. അക്ഷയ് ആവശ്യപ്പെട്ട പ്രകാരം ഡിഐജി കൊല്ലപ്പെട്ട ജവാന്‍മാരുടെ വിലാസം നല്‍കി. ജവാന്‍മാരുടെ കുടുംബത്തിന് ഒമ്പതു ലക്ഷം വീതം നല്‍കാന്‍ തയ്യാറെന്ന് അക്ഷയ് പിന്നീട് അറിയിക്കുകയായിരുന്നു. അക്ഷയ് കുമാറിന് നന്ദി അറിയിച്ച് ഡിഐജി അമിത് ലോധ ട്വീറ്റ് ചെയ്തു. അക്ഷയ് കുമാര്‍ കൂടെക്കൂടെ കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടെന്നും ലോധ ട്വീറ്റില്‍ പറഞ്ഞു.