ഇന്ത്യയുടെ പാഡ്മാന്‍ എന്നറിയപ്പെടുന്ന അരുണാചലം മുരുകാനന്ദിന്റെ ജീവിതകഥ അവതരിപ്പിക്കുന്ന ചിത്രമാണ് പാഡ്മാന്‍. കുറഞ്ഞ ചെലവില്‍ സാനിറ്ററി പാഡ് നിര്‍മിക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്തി സ്ത്രീസമൂഹത്തിന് തന്നെ അനുഗ്രഹമായ അദ്ദേഹത്തിന്റെ ജീവിതം അവതരിപ്പിക്കുന്ന ചിത്രത്തില്‍ പാഡ്മാനാവുന്നത് അക്ഷയ്കുമാറാണ്. ആര്‍ത്തവ ശുചിത്വത്തെക്കുറിച്ചുള്ള ബോധവത്ക്കരണം നല്‍കുന്ന ചിത്രം ജനുവരി അവസാന ആഴ്ചയാണ് റിലീസാവുന്നത്. പ്രമോഷന്റെ ഭാഗമായി ചിത്രത്തെക്കുറിച്ച് ഒരു മാധ്യമത്തോട് സംസാരിക്കവെ അക്ഷയ് കുമാര്‍ പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. അതിങ്ങനെയായിരുന്നു,
സ്ത്രീകളുടെ പിങ്ക് പാന്റിയും സാനിറ്ററി പാഡും ധരിക്കേണ്ട രംഗത്ത് എനിക്ക് അല്‍പ്പം ഭയം തോന്നി. മൂപ്പത് സെക്കന്‍ഡ് നേരത്തേയ്ക്കു മാത്രം. പിന്നീട് യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആര്‍ത്തവവും അതിന്റെ ബുദ്ധിമുട്ടുകളും അനുഭവിക്കുന്ന സ്ത്രീകളെക്കുറിച്ച് ഇപ്പോഴാണ് ചിന്തിക്കുന്നത്. ജോലി ചെയ്യുന്ന സ്ത്രീകള്‍, പാവപ്പെട്ടവര്‍ ഇവരുടെയൊക്കെ ജീവിതം അറിയുന്നതും മനസിലാക്കുന്നതും. അക്ഷയ് കുമാര്‍ പറയുന്നു.
നമ്മുടെ രാജ്യത്ത് 82 ശതമാനത്തോളം പേര്‍ക്ക് ഇന്നും സാനിറ്ററി പാഡ് ലഭിക്കുന്നില്ല. കുറഞ്ഞത് 5 ശതമാനത്തോളം സ്ത്രീകളെ എങ്കിലും ഈ ചിത്രം വഴി സാനിറ്ററി പാഡുകളെക്കുറിച്ചു ബോധവത്കരിക്കാനായാല്‍ ഞാന്‍ വിജയിച്ചു എന്നും അക്ഷയ് പറയുന്നു. ബല്‍കിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാധിക ആപ്തെ, സോനം കപൂര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നു.