കോൽക്കത്ത: അതിഥികളെ തങ്ങൾ രസഗുളയും സമ്മാനങ്ങളുമായാണ് സ്വീകരിക്കുന്നത്. എന്നാൽ ഒറ്റവോട്ടുപോലും നൽകില്ലെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. മമത ബാനർജി തനിക്ക് എല്ലാ വർഷവും കുർത്തയും പലഹാരങ്ങളും അയച്ചു തരാറുണ്ടെന്ന മോദിയുടെ പരാമർശത്തിന് മറുപടി പറയുകയായിരുന്നു അവർ.
പ്രത്യേക അവസരങ്ങളിലെല്ലാം അതിഥികളെ സത്ക്കരിക്കുന്നത് ബംഗാളിന്റെ സംസ്കാരമാണ്. എന്നാൽ അവർക്ക് ഒറ്റവോട്ടുപോലും നൽകില്ലെന്നും മമത പ്രധാനമന്ത്രിയുടെ പേരെടുത്ത് പറയാതെ പറഞ്ഞു. ഹൂഗ്ലി ജില്ലയിൽ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. അതേസമയം മോദിയുമായി ബോളിവുഡ് താരം അക്ഷയ് കുമാർ നടത്തിയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാണ്. നിരവധി ട്രോളുകളാണ് അഭിമുഖവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഉറക്കവും ഒബാമയും
ദിവസത്തിൽ ഏതാനും മണിക്കൂർ മാത്രം ഉറങ്ങുന്ന തന്റെ ശീലം മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയിൽ അദ്ഭുതമുണ്ടാക്കിയതായും മോദി പറയുന്നുണ്ട്. എപ്പോഴൊക്കെ ഞങ്ങൾ തമ്മിൽ കണ്ടിട്ടുണ്ടോ അപ്പോഴൊക്കെ ഒബാമ ഇക്കാര്യം ചോദിക്കും. മാത്രല്ല, കൂടുതൽ സമയം ഉറങ്ങണമെന്ന അദ്ദേഹത്തിന്റെ ഉപദേശം നടപ്പാക്കുന്നുണ്ടോ എന്ന് ആരായുകയും ചെയ്യും.
എന്നാൽ ദിവസം 3-4 മണിക്കൂറിൽ കൂടുതൽ ഉറക്കം തന്റെ ശരീരത്തിന് ആവശ്യമില്ല- മോദി അഭിമുഖത്തിൽ പറയുന്നു. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുമായും ഗുലാം നബി ആസാദുമായും നല്ല ബന്ധമാണുള്ളത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന തനിക്ക് ബംഗാളി പലഹാരങ്ങൾ കൊടുത്തയയ്ക്കാറുണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ മമതയും അത്തരം പലഹാരങ്ങൾ അയയ്ക്കാൻ തുടങ്ങി. തെരഞ്ഞെടുപ്പിന്റെ സമയത്ത് ഇത് പറയുന്നത് തന്നെ ബാധിക്കുമെങ്കിലും ഇക്കാര്യം പറയാൻ തനിക്ക് മടിയില്ലെന്നും മോദി പറഞ്ഞു.
പ്രധാനമന്ത്രിയാകുമെന്ന് കരുതിയില്ല
തന്റെ കുടുംബാംഗങ്ങളുമൊത്ത് വളരെക്കുറച്ച് സമയം മാത്രമേ ജീവിതത്തിൽ ചെലവഴിക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്നും മോദി അഭിമുഖത്തിൽ അനുസ്മരിക്കുന്നുണ്ട്. അമ്മയ്ക്കും സഹോദരങ്ങൾക്കും മറ്റു ബന്ധുക്കൾക്കുമൊപ്പമുള്ള ജീവിതം വളരെ ചെറുപ്പത്തിൽത്തന്നെ തനിക്ക് നഷ്ടപ്പെട്ടു. തനിക്കൊപ്പം ചെലവഴിച്ച് സമയം നഷ്ടപ്പെടുത്തുന്നത് എന്തിനെന്ന് അമ്മ ചോദിക്കാറുണ്ടെന്നും മോദി പറയുന്നു.
ഒരു പ്രധാനമന്ത്രിയാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. തന്റേതുപോലുള്ള പശ്ചാത്തലത്തിൽനിന്നു വരുന്നവർക്ക് അത്തരം സ്വപ്നങ്ങൾ അസാധ്യമായിരുന്നു. 1962 ലെ യുദ്ധത്തിനായി മെഹ്സാന സ്റ്റേഷനിൽനിന്ന് പട്ടാളക്കാർ തീവണ്ടിയിൽ കയറുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആ പട്ടാളക്കാരുടെ ത്യാഗം തനിക്ക് വലിയ പ്രചോദനമാണ് നൽകിയതെന്നും ഒരു പട്ടാളക്കാരനാകാൻ ആഗ്രഹിച്ചിരുന്നെന്നും മോദി പറയുന്നു.
ദേഷ്യമോ?
മറ്റുള്ളവരോട് ഒരിക്കലും ദേഷ്യപ്പെടാത്ത ആളാണ് താൻ. തനിക്കൊപ്പം പ്രവർത്തിക്കുന്നവരോട് ദേഷ്യം പ്രകടിപ്പിക്കാനുള്ള കാരണം ഉണ്ടായിട്ടില്ല. കർക്കശക്കാരനാണ് എന്നത് ശരിതന്നെ. എന്നാൽ ദേഷ്യക്കാരനല്ല. എംഎൽഎ ആയ ശേഷമാണ് ആദ്യമായി ബാങ്ക് അക്കൗണ്ട് ഉണ്ടാകുന്നതെന്നും അമ്മ തനിക്ക് ഇപ്പോഴും 1.25 രൂപ തരാറുണ്ടെന്നും മോദി പറയുന്നു. അമ്മ എന്നിൽനിന്ന് ഒന്നും ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിയായിരുന്നപ്പോഴും ഇപ്പോഴും തന്റെ വ്യക്തിപരമായ ചെലവുകൾ സർക്കാർ വഹിച്ചിട്ടില്ലെന്നും മോദി വ്യക്തമാക്കി.
ട്രോളുകൾ ആസ്വദിക്കാറുണ്ട്
നുണ പറഞ്ഞ് ദീർഘകാലത്തേയ്ക്ക് ജനങ്ങളുടെ മതിപ്പ് നേടാൻ സാധിക്കില്ല. സ്വയം ചില ചിട്ടകൾ പാലിക്കുന്ന ആളാണ് ഞാൻ. ഏതെങ്കിലും കാര്യത്തിനായി എന്റെ സമയവും ശ്രദ്ധയും നീക്കിവച്ചാൽ ആർക്കും തന്നെ പിൻതിരിപ്പിക്കാനാകില്ല. സ്ഥിരമായി നീന്താറുണ്ട്, യോഗ ചെയ്യാറുണ്ട്- മോദി വ്യക്തമാക്കുന്നു.
ട്വിറ്റർ അക്കൗണ്ട് കൃത്യമായി ശ്രദ്ധിക്കാറുണ്ടെന്നും തന്നെക്കുറിച്ചുള്ള ട്രോളുകൾ ആസ്വദിക്കാറുണ്ടെന്നും മോദി പറയുന്നു. താൻ തമാശകൾ പറയുന്ന ആളാണ്. എന്നാൽ ഇപ്പോൾ സംസാരത്തിനിടയിൽ തമാശ പറയാറില്ല. കാരണം, അത് എളുപ്പത്തിൽ വളച്ചൊടിക്കപ്പെടാം. സുഹൃത്തുക്കളോട് മാത്രമാണ് ഇപ്പോൾ തമാശകൾ പറയാറുള്ളത്. സോഷ്യൽ മീഡിയയുടെ കാര്യത്തിൽ വളരെ ശ്രദ്ധപുലർത്താറുണ്ടെന്നും മോദി അഭിമുഖത്തിൽ പറയുന്നു.