വടശേരിക്കര: പെരുനാട് പുതുക്കട ചെമ്പാലൂര്‍ വീട്ടില്‍ നഴ്സിംഗ് വിദ്യാർഥിനി അക്ഷയ അനൂപിനെ കഴിഞ്ഞ ഫെബ്രുവരി എട്ടിന് സ്വവസതിയിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തിൽ ഹൈക്കോടതിയും മനുഷ്യാവകാശ കമ്മീഷനും പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ച അറിയിപ്പ് അക്ഷയയുടെ മാതാപിതാക്കള്‍ക്ക് ലഭിച്ചു.
പാറശാല സരസ്വതിയമ്മ മെമ്മോറിയല്‍ കോളജിലെ വിദ്യാര്‍ഥിനിയായിരുന്ന അക്ഷയ അനൂപിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണം പെരുനാട് പോലീസ് അട്ടിമറിക്കുന്നതായി ആരോപിച്ച് കുട്ടിയുടെ പിതാവ് അനൂപ് ജില്ലാ പോലീസ് മേധാവിക്കു പരാതി നല്‍കുകയും തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയുംചെയ്തിരുന്നു.
ആക്ഷന്‍ കൗണ്‍സിലാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പെരുനാട് പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ സംഭവം നടന്നു രണ്ടര മാസം കഴിഞ്ഞിട്ടും പോലീസിന്റെ ഭാഗത്തുനിന്നും നീതിപൂര്‍വമായ അന്വേഷണം നടക്കുന്നില്ലെന്ന് ആരോപിച്ചാണ് കുട്ടിയുടെ പിതാവ് ഹൈക്കോടതിയെ സമീപിച്ചത്.
സംഭവത്തിന് മുമ്പ് അക്ഷയയുടെ ഫോണിലേക്ക് വന്ന കോളുകളും സന്ദേശങ്ങളും പരിശോധിച്ചാല്‍ വിദ്യാര്‍ഥിനിയുടെ മരണത്തിനു കാരണക്കാരായവരെ കണ്ടെത്താനാകുമെന്ന് ചൂണ്ടിക്കാട്ടി അക്ഷയയുടെ ഫോണും ഡയറിയും പോലീസിന് കൈമാറിയെങ്കിലും അവ ശാസ്ത്രീയമായി പരിശോധിക്കാത്തിനു പിന്നില്‍ രാഷ്ട്രീയ ഇടപെടല്‍ ആണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ടെങ്കിലും നല്കുവാന് തയാറായില്ലെന്നും മരണപ്പെട്ട കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.