റോബിൻ ജോർജ്
കൊച്ചി: അക്ഷയ തൃതീയയ്ക്ക് ദിവസങ്ങൾമാത്രം ബാക്കിനിൽക്കേ റിക്കാർഡ് വില്പന പ്രതീക്ഷിച്ചു വ്യാപാരികൾ. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു സ്വർണവില വളരെ ഉയരത്തിലല്ലാത്തതു പ്രതീക്ഷ കൂട്ടുന്നു. സ്വർണ വില സർവകാല റിക്കാർഡായ ഗ്രാമിന് 3145 ൽനിന്നു താഴ്ന്ന് 2945 രൂപയിലാണു നിലവിലുള്ളത്. ഏഴിനാണ് അക്ഷയ തൃതീയ.
കഴിഞ്ഞ വർഷം ഏകദേശം അഞ്ച് ടണ്‍ സ്വർണം അക്ഷയ തൃതീയ നാളിൽ സംസ്ഥാനത്ത് വിറ്റഴിച്ചതായാണ് അനൗദ്യോഗിക കണക്കുകൾ. 2900 രൂപയായിരുന്നു ഒരു ഗ്രാമിന്റെ അന്നത്തെ വില.ഓണ വിപണിക്കുശേഷം കൂടുതൽ വ്യാപാരം പ്രതീക്ഷിക്കുന്ന വ്യാപാര സീസണാണ് അക്ഷയ തൃതീയ.
ആഴ്ചകൾക്കു മുന്‍പുതന്നെ സ്വർണാഭരണങ്ങളുടെ ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു. ലൈറ്റ് വെയ്റ്റ് ആഭരണങ്ങളാണ് അക്ഷയ തൃതീയ നാളിൽ കൂടുതൽ വിറ്റഴിയുന്നതെന്നു വ്യാപാരികൾ പറയുന്നു. കഴിഞ്ഞ വർഷത്തേക്കാൾ 30 ശതമാനത്തോളം വ്യാപാര വർധനയാണ് ഇക്കുറി സ്വർണവിപണി പ്രതീക്ഷിക്കുന്നത്.