കൊച്ചി: അക്ഷയതൃതീയ ദിനമായ നാളെ സംസ്ഥാനത്ത് അഞ്ചു ലക്ഷത്തിലധികം കുടുംബങ്ങള്‍ സ്വര്‍ണം വാങ്ങാനെത്തിയേക്കുമെന്ന പ്രതീക്ഷയില്‍ സ്വര്‍ണവ്യാപാരികള്‍. ഓള് കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ വിപുലമായ ആഘോഷങ്ങളാണ് സ്വര്‍ണക്കടകളില്‍ ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ എല്ലാ സ്വര്‍ണ വ്യാപാരികളും അക്ഷയതൃതീയ ആഘോഷത്തില്‍ പങ്കാളികളാകുന്നുണ്ട്.
ഹൈന്ദവ കലണ്ടറിലെ ഒരു ആഘോഷം എന്നതിലുപരി അക്ഷയ തൃതീയ എന്നാല്‍ പ്രത്യാശ, പുതിയ സംരംഭങ്ങള്‍, സമൃദ്ധിയുടെ വാഗ്ദാനങ്ങള്‍ എന്നിവയാല്‍ നിറയുന്ന ദിവസം കൂടിയാണ്. വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു (ചാന്ദ്രദിനം) അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. അക്ഷയതൃതീയനാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ഒരിക്കലും ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതല്ക്കേ വിശ്വാസമുണ്ട്.
സംസ്ഥാനത്ത് ഓണ വിപണിക്ക് ശേഷം സ്വര്‍ണത്തിന്റെ വ്യാപാരം ഏറ്റവും കൂടുതല്‍ നടക്കുന്നത് അക്ഷയതൃതീയ നാളിലാണ്. അക്ഷയതൃതീയയോട് അനുബന്ധിച്ച് ജ്വല്ലറികളില്‍ സ്വര്‍ണാഭരണങ്ങളുടെ ബുക്കിംഗ് നേരത്തെ തന്നെ ആരംഭിച്ചിരുന്നു. പല ജ്വല്ലറികളിലും മികച്ച കളക്ഷനുകളാണ് അക്ഷയതൃതീയ ദിനത്തില്‍ കാത്തിരിക്കുന്നത്. സാധാരണയായി അക്ഷയതൃതീയയോട് അനുബന്ധിച്ച് 1,500 കിലോ സ്വര്‍ണാഭരണ വില്പനയാണ് കേരളത്തില്‍ നടക്കാറുള്ളത്. സ്വര്‍ണ വിഗ്രഹം, സ്വര്‍ണ നാണയം എന്നിവയ്ക്കാണ് ആവശ്യക്കാര്‍ ഏറെയുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ലക്ഷ്മി ലോക്കറ്റ്, ഗുരുവായൂരപ്പന് ലോക്കറ്റ് എന്നിവയ്ക്കും ഉയര്‍ന്ന ഡിമാന്‍ഡ് ഉണ്ട്.
സ്വര്‍ണവില റിക്കാര്ഡിലെത്തിയിരിക്കുന്ന ഇക്കാലത്ത് അക്ഷയതൃതീയ കളക്ഷനുകളില്‍ ലൈറ്റ് വെയിറ്റ് ആഭരണങ്ങള്‍, കോയിനുകള്‍ എന്നിവ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഇന്ന് സ്വര്‍ണവില ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും കുറഞ്ഞിട്ടുണ്ട്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 6,615 രൂപയും പവന് 52,920 രൂപയുമായി.
അക്ഷയതൃതീയയ്ക്ക് സ്വര്‍ണാഭരണങ്ങളോ, ചെറിയ സ്വര്‍ണ നാണയങ്ങളോ സ്വന്തമാക്കുന്ന ശീലം ഇന്ന് മലയാളികള്‍ക്കിടയില്‍ കണ്ടുവരുന്നുണ്ടെന്ന് ഓള് ഇന്ത്യ ജെം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ദേശീയ ഡയറക്ടര്‍ എസ്.അബ്ദുല്‍ നാസര്‍ പറഞ്ഞു.
സീമ മോഹന്‍ലാല്‍