തുറവുർ: സർക്കാരിന്റെ വിവിധ ഓഫീസുകളിലൂടെ ലഭിക്കുന്ന സേവനങ്ങൾ ജനങ്ങൾക്ക് ഒരു കേന്ദ്രത്തിലൂടെ ലഭിക്കുന്നതിന് നടപ്പിലാക്കിയ അക്ഷയ കേന്ദ്രങ്ങളിൽ പലതും അമിതമായ സർവീസ് ചാർജ് ഈടാക്കുന്നതായി പരാതി.
ലോക്ക് ഡൗണിൽ മറ്റ് കംപ്യൂട്ടർ സെന്ററുകൾക്കോ ഫോട്ടോസ്റ്റാറ്റ് കടകൾക്കോ തുറക്കാനാകാത്ത സാഹചര്യത്തിൽ ജനങ്ങൾക്ക് ഏക ആശ്രയം അക്ഷയ സെന്ററുകളാണ്.
ഇത് അവസരമായി കണ്ട് പല അക്ഷയ സെന്ററുകളും തോന്നുന്ന ചാർജാണ് ഓരോ കാര്യത്തിനും ഈടാക്കുന്നത്. ലോക്ക് ഡൗണിൽ യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ടു കാരണം സാധാരണക്കാരായ ജനങ്ങൾ ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി ബില്ലുകൾ അടുത്തുള്ള അക്ഷയ സെന്റർ മുഖേനയാണ് അടച്ചത്.
ബിൽ തുക കൂടാതെ 30 രൂപ വരെ ചില സെന്ററുകൾ അധികമായി വാങ്ങിയെന്ന് പരാതിയുണ്ട്. ചോദിച്ചപ്പോൾ സർവീസ് ചാർജും ടാക്സുമാണെന്നാണ് അക്ഷയ സെന്റർ നടത്തിപ്പുകാർ പറഞ്ഞത്.
പാൻ കാർഡിന് 250 മുതൽ 325 വരെയാണ് പല അക്ഷയ സെന്ററുകളും ഈടാക്കുന്നത്. മുൻപ് വില്ലേജ് ഓഫീസിൽ വസ്തു ഉടമകൾ നേരിട്ടെത്തി അടച്ചിരുന്ന വസ്തുകരം ഇപ്പോൾ അക്ഷയ വഴിയാണ് അടക്കേണ്ടത്.
ഒരു ആർ വസ്തുവിന് പത്തുരൂപ വെച്ച് സർക്കാരിന് അടയ്ക്കുമ്പോൾ മൂന്നും ചില സ്ഥലത്ത് നാലും രൂപ സർവീസ് ചാർജായി നൽകേണ്ടി വരുന്നു.
12 സെന്റ് സ്ഥലം ഉള്ള ഒരു സാധാരണക്കാരൻ വില്ലേജ് ഓഫീസിൽ 30 രൂപ അടക്കുമ്പോൾ അക്ഷയയിൽ 50 ചില സ്ഥലത്ത് 55 ഉം അടക്കേണ്ടി വരുന്നു.
കൂടാതെ അക്ഷയ സെന്ററിൽ നിന്നും വില്ലേജ് ഓഫീസർക്ക് അയച്ചുകൊടുത്ത് അദ്ദേഹം സൈൻ ചെയ്ത് തിരികെ സെന്ററിൽ എത്തിയാലേ അപേക്ഷന് രസീത് കിട്ടൂ. ഇത് പലപ്പോഴും ഒന്നിലധികം ദിവസം വൈകാറുണ്ട്.
ചുരുക്കത്തിൽ ജനത്തിന് സൗകര്യപ്രദമെന്ന് വ്യാഖ്യാനിച്ച് നടപ്പിലാക്കിയ പദ്ധതി മൂലം അധിക പണ നഷ്ടവും സമയനഷ്ടവും മാത്രം. അക്ഷയ സെന്ററുകളിൽ ഓരോന്നിനും ഈടാക്കുന്ന സർവീസ് ചാർജ് പ്രദർശിപ്പിക്കണമെന്ന് ചട്ടമുണ്ടെങ്കിലും ഒരു സ്ഥലത്തുപോലും അത് കാൺമാനില്ല.
പുതിയ ഇ-റേഷൻ കാർഡ്, റേഷൻ കാർഡിൽ തിരുത്തൽ വരുത്തുന്നതിനുള്ള അപേക്ഷ, കർഷകരുടെ വിവരങ്ങൾ, അഗ്രികൾച്ചർ ഡിപ്പാർട്ടുമെന്റിന്റെ പോർട്ടറിൽ രേഖപ്പെടുത്തൽ, വ്യാപാരികൾക്ക് വാറ്റ് റിട്ടേൺസ് ഫയൽ ചെയ്യൽ, വിദ്യാർഥികളുടെ സ്കോളർഷിപ്പ് അപേക്ഷ, ക്ഷേമനിധി ബോർഡ് അംശാധാരം അടയ്ക്കൽ, എ.പി.എൽ / ബി.പി.എൽ ആരോഗ്യ ഇഷ്യുറൻസ് പുതുക്കൽ എന്നിങ്ങനെ നിരവധി കാര്യങ്ങൾക്ക് ജനം ആശ്രയിക്കുന്ന അക്ഷയ സെന്ററുകളുടെ ചൂഷണ നടപടിക്കെതിരെ സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്ന ആവശ്യം ശക്തമാണ്.