നാദാപുരം: ഭൂനികുതി അടയ്ക്കുന്നത് ഓണ്‍ലൈന്‍ വഴിയാക്കിയതിലൂടെ സാധാരണക്കാരന് ദുരിതം. നികുതി സ്വീകരിക്കേണ്ട അക്ഷയ സെന്ററുകള്‍ക്കെതിരേ ആക്ഷേപം. പത്ത് രൂപയില്‍ താഴെയുള്ള നികുതിയടക്കാന്‍ ഇരട്ടി തുക ഫീസ് ഈടാക്കുന്നതായാണ് പരാതി.
എന്നാല്‍ സര്‍ക്കാര്‍ ഫീസ് നിശ്ചയിച്ചിട്ടില്ലെങ്കിലും നികുതിയടക്കാന്‍ പത്ത് രൂപ മാത്രമാണ് ഫീസായി വാങ്ങുന്നതെന്ന് അക്ഷയ നടത്തിപ്പുകാര്‍. ഒരാളുടെ നികുതിയടക്കാന്‍ രണ്ട് പ്രാവശ്യം അക്ഷയയിലെ സേവനം വേണ്ടി വരുന്നത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുണ്ടന്ന് നാട്ടുകാരും പറയുന്നു.
കഴിഞ്ഞ ഏപ്രില്‍ മുതലാണ് ഭൂനികുതി ഓണ്‍ലൈന്‍ വഴിയാക്കിയത്. ആദ്യമായി നികുതിയടക്കുന്നതിന്ന് വില്ലേജിലെ രേഖകളും മറ്റും അക്ഷയ വഴി സമര്‍പ്പിച്ച് വില്ലേജ് ഓഫീസര്‍ വെരിഫിക്കേഷന് നടത്തണം. അതിനു ശേഷം മാത്രമേ നികുതി അടക്കാന്‍ കഴിയൂ.
ഇതിനായി ജനങ്ങള്‍ രണ്ടുവട്ടം വില്ലേജിലും അക്ഷയയിലും കയറിയിറങ്ങണം. താമസിക്കാനുള്ള പുരയിടം മാത്രമുള്ള സാധാരണക്കാരന് പത്ത് സെന്റില്‍ താഴെയുള്ള ഭൂമിക്ക് പത്ത് രൂപയില്‍ താഴെയാണ് നികുതി. എന്നാല്‍ ഈ നികുതിയടക്കാനുള്ള ഫീസായി നാദാപുരം മേലയിലെ ഒരു അക്ഷയ കേന്ദ്രത്തില്‍നിന്ന് പതിനഞ്ച് രൂപയാണ് ഫീസായി വാങ്ങിയത്.
അടയ്ക്കേണ്ട നികുതിയേക്കാള്‍ കൂടുതല്‍ ഫീസായി നല്‍കേണ്ടി വരുന്നതാണ് സാധാരണക്കാരെ ഏറെ പ്രയാസത്തിലാക്കുന്നത്.എന്നാല്‍ ഭൂനികുതിയടക്കുന്നതിന്ന് അക്ഷയ കേന്ദ്രങ്ങള്‍ക്ക് സര്‍ക്കാര്‍ ഇതുവരെ ഫീസ് നിശ്ചയിച്ചു നല്‍കിയിട്ടില്ല. ഇ -ഡിസ്ട്രിക്റ്റ്എന്ന സോഫ്റ്റ്വേര്‍ വഴി നികുതിയടക്കാന്‍ സംവിധാനമൊരുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ നടപടികളായിട്ടില്ല.
അതിനാല്‍ ജില്ലയിലെ അക്ഷയ സേവനദാതാക്കള്‍ ഒരു നികുതിയടക്കാന്‍ പത്തുരൂപ വാങ്ങാനാണത്രെ തീരുമാനിച്ചിട്ടുള്ളത്. ഒരാളുടെ നികുതിയടക്കാന്‍ രണ്ട് വട്ടം കംപ്യൂൂട്ടറും നെറ്റും മറ്റ് സൗകര്യങ്ങളും ഉപയോഗിക്കേണ്ടി വരുന്നതിനാല്‍ നികുതി സ്വീകരിക്കാന്‍ മാത്രം ഒരു ജീവനക്കാരനെ നിയമിക്കേണ്ട സ്ഥിതിയിലാണ് അക്ഷയ കേന്ദ്രങ്ങളെന്നും അവര്‍ പറയുന്നു.