കൊച്ചി: കോവിഡ് വ്യാപനവും ലോക്ഡൗണും മൂലം പുറത്തിറങ്ങാതെ വീടുകളില്‍ കഴിയുന്നവരെ ചതിയില്‍ വീഴ്ത്താന്‍ വീഡിയോ ചാറ്റിംഗ് സംഘങ്ങൾ രംഗത്ത്.
ചാറ്റിംഗിനിടയില്‍ നഗ്നഫോട്ടോകളും മറ്റും കൈക്കലാക്കി പണം തട്ടിയെടുക്കുകയാണ് ഇവരുടെ പരിപാടി. യുവാക്കളും വീട്ടമ്മമാരും തുടങ്ങി വിദ്യാര്‍ഥികൾ വരെ ചതിയിൽപ്പെടുന്നുണ്ടെന്നാണു റിപ്പോർട്ട്.
സമൂഹമാധ്യമങ്ങള്‍വഴി സൗഹൃദം സ്ഥാപിച്ച് സ്ത്രീകളുടേതടക്കം സ്വകാര്യ വീഡിയോകളും ചിത്രങ്ങളും വശത്താക്കിയാണ് തട്ടിപ്പ്. ഫേസ് ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടുകളിലേക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചാണ് തുടക്കം.
അക്കൗണ്ട് ഉടമ പുരുഷനാണെങ്കില്‍ സുന്ദരിമാരായ സ്ത്രീകളുടെയും സ്ത്രീയാണെങ്കില്‍ സുന്ദരന്മാരുടെയും പ്രൊഫൈല്‍ചിത്രം സഹിതമാകും റിക്വസ്റ്റ് അയയ്ക്കുക.
റിക്വസ്റ്റ് അംഗീകരിച്ചെന്നു കണ്ടാല്‍ ചാറ്റിംഗാണ് അടുത്തഘട്ടം. നിരന്തരമായ ചാറ്റിംഗിലൂടെ ഇരയെ ചൂണ്ടയിലാക്കിയാല്‍ തട്ടിപ്പുകാര്‍ പിന്നീട് വീഡിയോ കോളില്‍ പ്രത്യക്ഷപ്പെടും. കോളില്‍ മുഴുകുന്നവരുടെ സംഭാഷണങ്ങളും ചിത്രങ്ങളുമെല്ലാം റെക്കോർഡ് ചെയ്യും.
സംസാരവും സൗഹൃദവും അതിരുവിടുന്നതോടെ സ്വകാര്യഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടും. സൗഹൃദത്തിന്റെ ലഹരിയില്‍ മതിമറന്നുപോകുന്നവര്‍ നഗ്നഫോട്ടോകൾ വരെ അയച്ചുകൊടുക്കും. ഇതു കിട്ടുന്നതോടെ ഭീഷണി തുടങ്ങും.
ചതിയിൽപ്പെടുന്നവർ പുറത്തുപറയാന്‍ കഴിയാതെ ചോദിക്കുന്ന പണം നൽകാൻ നിർബന്ധിതരാകുന്നു. തട്ടിപ്പുകാരുടെ ഡിമാൻഡ് ലക്ഷങ്ങളിലേക്കു കടക്കുമ്പോഴാണ് പലരും ബന്ധുക്കളോടു പോലും പറയാന്‍ തയാറാകുന്നത്.
നഗരങ്ങളില്‍ മാത്രം കണ്ടുവന്നിരുന്ന ഈ തട്ടിപ്പ് നാട്ടിന്പ്പുറങ്ങളിലേക്കും കടന്നിരിക്കുന്നു. ചതിക്കെണി ഒരുക്കുന്നവര്‍ ഇതരസംസ്ഥാനക്കാരും വിദേശികളുമാണ്.
പരാതികൾ ലഭിക്കുന്നുണ്ടെങ്കിലും കോവിഡ് കാലത്ത് ഇവർക്കെതിരേ പോലീസിന് ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥയാണ്.
അതിര്‍ത്തി സംസ്ഥാനങ്ങളായ പഞ്ചാബ്, ആസം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് തട്ടിപ്പുകാരില്‍ ഭൂരിഭാഗവുമെന്നാണ് പോലീസ് നിഗമനം.
പൊതുജനങ്ങളെ ബോധവല്കരിക്കാന് പോലീസ് നേരത്തെ ശ്രമിച്ചിരുന്നെങ്കിലും കോവിഡ് ആരംഭിച്ചതോടെ അതെല്ലാം നിലച്ചിരിക്കുകയാണ്.