പാലക്കാട്: ഒരുകിലോ അറുന്നൂറുഗ്രാം കഞ്ചാവുമായി രണ്ടുപേരെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കസബ പോലീസും സംയുക്തമായി നടത്തിയ പരിശോധനയ്ക്കിടെ പിടികൂടി.
പുതുശേരി മരുതക്കോട് അക്ഷയ് (23), കൊടുന്പ് ഉൗറപ്പാടം വിഘ്നേഷ് (20) എന്നിവരെയാണ് രഹസ്യവിവരത്തെ തുടർന്നു നടത്തിയ പരിശോധനയിൽ കൂട്ടുപാതയ്ക്കുസമീപം ബുധനാഴ്ച രാത്രി പിടികൂടിയത്. പ്രതികൾ സഞ്ചരിച്ച സ്കൂട്ടറും കൈവശമുണ്ടായിരുന്ന കഞ്ചാവും പോലീസ് കസ്റ്റഡിയിലെടുത്തു.
പിടിച്ചെടുത്ത കഞ്ചാവിന് ചില്ലറവിപണിയിൽ ഒന്നരലക്ഷം രൂപ വിലവരും.സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായിട്ടായിരുന്നു പരിശോധന.
പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവവിക്രത്തിന്റെ നിർദേശത്തെ തുടർന്ന് നർക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ഡി.ശ്രീനിവാസന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചില്ലറ വില്പനക്കാർക്ക് കഞ്ചാവ് എത്തിച്ചുനല്കുന്നയാളാണ് അക്ഷയ്. കച്ചവടത്തിനായി ഇടപാടുകാരെ കാത്തുനില്ക്കുന്പോഴാണ് പോലീസ് പിടിയിലായത്. പ്രതികളെ കോവിഡ് പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും.
കസബ അഡീഷണൽ എസ് ഐ ജി.ബി.ശ്യാംകുമാർ, സിപിഒമാരായ മണികണ്ഠൻ, മുവാദ്. ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ടി.ആർ.സുനിൽ കുമാർ, ഷാഫി, കെ.അഹമ്മദ് കബീർ, കെ.ആർ.വിനീഷ്, ആർ.രാജീദ്, എസ്.ഷമീർ, ഹോം ഗാർഡ് സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടികൂടിയത്.