കോട്ടയം: പത്താം ക്ലാസ് വിജയിച്ച് ഉപരിപഠനം കാത്തു കഴിയുന്ന വിദ്യാർഥിയുടെ മരണം തിരുവഞ്ചൂർ നിവാസികളെ ദു:ഖത്തിലാക്കി. തിരുവഞ്ചൂർ അന്പാടിയിൽ സുരേഷിന്റെ മകൻ അക്ഷയ് സുരേഷാ(15)ണു മരിച്ചത് ഇന്നലെ മീനച്ചിലാറ്റിൽ സുഹൃത്തുക്കളുമൊത്ത് നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടു മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് 1.30നു മീനച്ചിലാറ്റിൽ പൂവത്തുംമൂട് പാലത്തിനു സമീപമുള്ള കടവിലായിരുന്നു അപകടം.
മൂന്നു സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു അക്ഷയ്. നീന്തുന്നതിനിടയിൽ ഒഴുക്കിൽപ്പെടുകയായിരുന്നു. ഒഴുക്കിൽപ്പെട്ട വിവരം കൂട്ടുകാർ ബഹളംവച്ച് അറിയിച്ചതിനെത്തുടർന്നു നാട്ടുകാരെത്തിയെങ്കിലും രക്ഷപെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
കോട്ടയത്തുനിന്നും ഫയർഫോഴ്സ് എത്തിയാണ് അക്ഷയിനെ വെള്ളത്തിൽ നിന്നെടുത്ത് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
അയർക്കുന്നം പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. ഷിബിൻ, ഷരണ്‍, എബിൻ,സംഗീത് എന്നിവരുമൊത്താണ് അക്ഷയ് കുളിക്കാനിറങ്ങിയത്. അക്ഷയ് സുരേഷ് ഇക്കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ വിദ്യാധിരാജ സ്കൂളിൽ നിന്ന് നാല് എ പ്ലസ് നേടി വിജയിച്ചിരുന്നു.
അമ്മ: മഞ്ജു സുരേഷ്, സഹോദരി അമൃത സുരേഷ് വിദ്യാധിരാജയിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ.