കൊല്ലം : മൈനാഗപ്പള്ളി സ്വദേശിയായ പൂക്കുഞ്ഞിന് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും വിശ്വസിക്കാവുന്നില്ല. ദുരിതങ്ങളുടെ നടുവിൽ കഴിയുന്ന മൈനാഗപ്പള്ളി ഷാനവാസ് മൻസിലിൽ കഴിയുന്ന പൂക്കുഞ്ഞിനെ ഒടുവിൽ ഭാഗ്യം തേടിയെത്തി.
ഇന്നലെ ഒരുമണിയോടെയാണ് പൂക്കുഞ്ഞ് അക്ഷയ ലോട്ടറി ടിക്കറ്റെടുത്തത്. വീട്ടിലെത്തി ഒരുമണിക്കൂർ തികയും മുന്പേ ബാങ്കിൽനിന്ന് ജപ്തി നോട്ടീസെത്തി.
എന്തുചെയ്യണമെന്നറിയാതെ വിഷമത്തോടെ ഇരിക്കുന്പോഴാണ് സഹോദരൻ ആ ശുഭവാർത്ത പൂക്കുഞ്ഞിന്റെ കാതുകളിലെത്തിച്ചത്.
70 ലക്ഷത്തിന്റെ ഭാഗ്യം പൂക്കുഞ്ഞിന്റെ എ.ഇസഡ് 907042 എന്ന ടിക്കറ്റിനാണെന്ന്. ആദ്യം വിശ്വസിക്കാൻ കഴിഞ്ഞില്ല. മീൻ കച്ചവടം നടത്തി ഉപജീവനം നടത്തിവന്ന പൂക്കുഞ്ഞിന് സങ്കൽപ്പിക്കാൻ കഴിയാത്ത തുകയാണ് ലഭിച്ചതെന്നറിഞ്ഞപ്പോൾ വാക്കുകളിടറി.
മൈനാഗപ്പള്ളിയിലുള്ള ചന്തയിലെ ചെറിയതട്ടിൽനിന്ന് ഒരു വൃദ്ധന്റെ കൈയിൽനിന്നാണ് പൂക്കുഞ്ഞ് ലോട്ടറി വാങ്ങിയത്.
വീടുവയ്പിനായി കുറ്റിവട്ടത്തുള്ള കോർപറേഷൻ ബാങ്ക് ശാഖയിൽനിന്ന് എട്ടുവർഷം മുന്പാണ് പൂക്കുഞ്ഞ് എട്ടുലക്ഷത്തോളം രൂപ ലോണെടുത്തത്.
ടവ് മുടങ്ങിയതോടെ ബാങ്ക് നിയമ നടപടി സ്വീകരിക്കുകയായിരുന്നു. ദൈവം അറിഞ്ഞുതന്ന ഭാഗ്യമാണിതെന്നാണ് പൂക്കുഞ്ഞ് പറയുന്നത്.
ഭാര്യ മുംതാസും മക്കളായ മുനീർ, മുഹ്സിന എന്നിവരുൾപ്പെട്ട കൊച്ചുവീട്ടിൽ ഇനി ജപ്തി ഭീഷണിയില്ലാതെ സന്തോഷത്തോടെ കഴിയാം.
സങ്കടത്തിന് പിന്നാലെയെത്തിയ ഭാഗ്യത്തിന്റെ മധുരം ഈ കുടുംബത്തെ ആഹ്ലാദത്തിലെത്തിച്ചിരിക്കുകയാണ്.