മുണ്ടക്കയം: അക്ഷയ ലോട്ടറി കടാക്ഷിച്ചു. ലക്ഷങ്ങളുടെ കടബാധ്യതയുടെ നെറുകയിൽ കഴിഞ്ഞിരുന്ന ഷഹനയ്ക്ക് ഇനി തന്റെ കിടപ്പാടം വീണ്ടെടുക്കാം. മുണ്ടക്കയം വേങ്ങക്കുന്ന് പുതുപറമ്പിൽ ഷഹന നാസറിനാണ് ഞായറാഴ്ച നറുക്കെടുത്ത അക്ഷയ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ ലഭിച്ചത്.
മുണ്ടക്കയം പുത്തൻചന്തയിലുള്ള മാതാ ലക്കി സെന്ററിൽ നിന്നെടുത്ത എസി 592783 എന്നാ ടിക്കറ്റാണ് ഷഹനയ്ക്ക് ഭാഗ്യം നേടിക്കൊടുത്തത്. കിടപ്പാടം പണയപ്പെടുത്തി എടുത്ത ലോൺ എങ്ങനെ തിരിച്ചടയ്ക്കുമെന്ന് കരുതിയിരിക്കുമ്പോഴാണ് ഭാഗ്യദേവതയുടെ കടാക്ഷം ലോട്ടറിയുടെ രൂപത്തിൽ എത്തിയത്.
ഒന്നാം സമ്മാനം തേടിയെത്തിയതിൽ ദൈവത്തിന് നന്ദി പറയുകയാണ് ഷഹന. ഡ്രൈവറായ സുധീറാണ് ഭർത്താവ്. അഫ്രീദ് അലി, അർഷിദ് അമി, അൽഫിയ മെഹറിൻ എന്നിവരാണ് മക്കൾ.