വര്‍ഷങ്ങളായി ബോളിവുഡ് ലഹരിമരുന്നു മാഫിയയുടെ പിടിയിൽ അമരുകയാണെന്ന ആരോപണം ശക്തമാകവേ ഈ വിഷയത്തിൽ പ്രതികരിച്ച് നടന് അക്ഷയ് കുമാര്‍ രംഗത്ത്.
ആരോപണങ്ങള്‍ കൂടുന്പോള്‍ ലഹരി ഉപയോഗം മുതലായ വിഷയങ്ങള്‍ ഉപയോഗിച്ച് സിനിമാലോകത്തെ മുഴുവന്‍ അടച്ച് ആക്ഷേപിക്കുന്നതില്‍ കാര്യമില്ലെന്ന് വീഡിയോയിലൂടെ വ്യക്തമാക്കി .
ബോളിവുഡ് താരമായിരുന്ന സുശാന്തിന്റെ മരണത്തിന് പിന്നാലെ നിരവധി വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടത്, ബോളിവുഡില്‍ ലഹരി ഉപയോഗമില്ലെന്ന് കളവ് പറയാനാവില്ല.
മറ്റ് ഏതൊരു മേഖലയിലും പോലെ തന്നെ ഇവിടെയുമുണ്ട്, എന്നാല്‍ ഒരു ഇന്ഡസ്ട്രിയിലെ എല്ലാവരും അതിന്റെ ഭാഗമാണെന്ന് അതിന് അർഥമില്ല. അന്വേഷണങ്ങള്‍ക്ക് ബോളിവുഡിലെ ഓരോ വ്യക്തിയും സഹകരിക്കണമെന്നും അക്ഷയ് ആവശ്യപ്പെടുന്നു.
ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമായി പങ്കുവച്ച നാലുമിനിട്ട് ദൈര്‍ഘ്യമുളള വീഡിയോ സന്ദേശത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത് .
കുറച്ച് ആഴ്ചകളായി ചില കാര്യങ്ങള്‍ പറയണമെന്ന് ആഗ്രഹിച്ചിരുന്നു. സിനിമ സമൂഹത്തിന്റെ പ്രതിഫലനമാണ് . അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ പല പ്രശ്നങ്ങളും അത് ഉന്നയിക്കുന്നുണ്ട് .
അത് ഇനിയും തുടരുകതന്നെ ചെയ്യുമെന്നും അക്ഷയ് കുമാര്‍ പറഞ്ഞു .
സുശാന്തിന്റെ മരണത്തെ തുടര്‍ന്നുണ്ടായ സംഭവങ്ങള്‍ സിനിമാ മേഖലയിലെ എല്ലാവരെയും ആത്മപരിശോധനയ്ക്ക് പ്രേരിപ്പിച്ചു .
നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചിലര്‍ ഉണ്ടെന്നത് സത്യമാണ് . എല്ലായിടത്തും ഇത്തരത്തിലുളള ആളുകള്‍ കാണും . അന്വേഷണ ഏജന്‍സികളും പോലീസും നടത്തുന്ന അന്വേഷണത്തില്‍ തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ട് .
സിനിമാരംഗത്തെ എല്ലാവരും ഇതുമായി സഹകരിക്കും. സിനിമാ വ്യവസായത്തെ എല്ലാവരെയും ഒരേ ലെന്‍സ് ഉപയോഗിച്ച് നോക്കരുതെന്ന് അഭ്യർഥിക്കുന്നുവെന്നും അക്ഷയ് കുമാര്‍ പറഞ്ഞു.
സുശാന്തിന്റെ മരണത്തിൽ കുടുംബം വിരൽ ചൂണ്ടിയ നടിയും കാമുകിയുമായ റിയ ചക്രബർത്തി മയക്കുമരുന്നു കേസിൽ അറസ്റ്റിലായതോടെയാണ് ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗം പുറത്തുവരുന്നത്.
നടിമാരായ ദീപിക പദുകോൺ, ശ്രദ്ധ കപൂർ, സാറ അലിഖാൻ, രാകുൽ പ്രീത് സിംഗ് എന്നിവരുടെ പേരുകൾ റിയ അന്വേഷണസംഘത്തിനു മുന്പിൽ വെളിപ്പെടുത്തിയിരുന്നു.
ഇവരെയെല്ലാം അന്വേഷണസംഘം വിളിച്ചുവരുത്തി ചോദ്യം ചെയ്തു വിട്ടയച്ചിരുന്നു. അന്വേഷണം ഇപ്പോഴും തുടരുകയാണ്. ബോളിവുഡിലെ ചില മുൻനിരനായകർ മയക്കുമരുന്ന് ഉപയോഗം തെളിയിക്കുന്ന രക്തപരിശോധനയ്ക്കു തയാറാകണമെന്നു നടി കങ്കണ റണൗത്ത് വെല്ലുവിളിക്കുക വരെ ചെയ്തിരുന്നു.