കറാച്ചി: പാക്കിസ്ഥാൻ മുൻ ക്രിക്കറ്റ് താരം ഷൊയ്ബ് അക്തർ ഇന്നും വിശേഷിപ്പിക്കപ്പെടുന്നത് ലോകത്തിലെ ഏറ്റവും വേഗമേറിയ ബൗളർ എന്നാണ്. പന്തിന്റെ വേഗം പോലെതന്നെ കമന്റുകളും വിവാദ പ്രസ്താവനകളും അക്തർ തൊടുത്തുവിടാറുമുണ്ട്.
ഏറ്റവും ഒടുവിൽ അക്തർ നടത്തിയ പരാമർശവും വിവാദത്തിലായിരിക്കുകയാണ്. ഇന്ത്യൻ മുൻ താരം വിരേന്ദർ സെവാഗിന്റെ തലയിലെ മുടിയേക്കാൾ കൂടുതൽ പണം എന്റെ കൈയിലുണ്ടെന്നാണ് അക്തറിന്റെ പരാമർശം. വീരു ഇത് രസകരമായേ കാണൂ എന്നാണ് വിശ്വാസമെന്നും അക്തർ തന്റെ വീഡിയോയിൽ പറയുന്നുണ്ട്.
ബിസിനസ് താൽപര്യങ്ങളുള്ളതിനാൽ ഇന്ത്യൻ ക്രിക്കറ്റിനെയും താരങ്ങളെയും അക്തർ പ്രശംസകൊണ്ട് മൂടുന്നു എന്ന് സെവാഗ് 2016ൽ ഒരു അഭിമുഖത്തിൽ പറഞ്ഞതിനാണ് പാക് പേസർ ഇപ്പോൾ മറുപടി നല്കിയിരിക്കുന്നത്. ഹിന്ദുവായ ഡാനിഷ് കനേറിയയ്ക്കൊപ്പം ഭക്ഷണം കഴിക്കാൻ ചില പാക് താരങ്ങൾ വിസമ്മതിച്ചിരുന്നതായി അക്തർ നടത്തിയ പരാമർശം വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു.