കൽപ്പറ്റ: അന്പലവയൽ ടൗണിൽ 21നു രാത്രി പ്രദേശവാസി പായിക്കൊല്ലി സജീവാനന്ദന്റെ (39) മർദനമേറ്റ യുവാവും യുവതിയും ദന്പതികളല്ലെന്നു പോലീസ് സ്ഥിരീകരിച്ചു. യുവതി തമിഴ്നാട് കോയന്പത്തൂർ സ്വദേശിനിയും യുവാവ് ഊട്ടി സ്വദേശിയുമാണെന്നാണ് അന്വേഷണത്തിൽ പോലീസിനു മനസിലായത്.
തമിഴ്നാട് സ്വദേശികളായ ദന്പതികൾക്കാണ് മർദനമേറ്റതെന്ന അനുമാനത്തിലായിരുന്നു പോലീസ്. മറ്റൊരാൾ മുഖേന യുവതിയുമായി പരിചയപ്പെട്ട ഊട്ടി സ്വദേശി അന്പലവയലിൽ മുറിയെടുത്തു താമസിക്കുകയായിരുന്നു.
യുവതിയുമായി പോലീസ് ഇന്നലെ ഫോണിൽ സംസാരിച്ചു. ലോഡ്ജിലെത്തി ശല്യം ചെയ്തപ്പോൾ എതിർത്തതിന് സജീവാനന്ദൻ പകതീർക്കുകയായിരുന്നുവെന്ന് യുവതി വെളിപ്പെടുത്തിയതായാണ് വിവരം. അടുത്ത ദിവസം പോലീസ് കോയന്പത്തൂരിലെത്തി മൊഴിയെടുക്കും. യുവാവിനെ ഇതുവരെ കണ്ടെത്താനായില്ല. മർദനക്കേസിൽ പ്രതി സജീവാനന്ദൻ ഒളിവിലാണ്. കർണാടകയിലും തമിഴ്നാട്ടിലും ഇയാൾക്കായി തെരച്ചിൽ നടത്തുന്നുണ്ട്.
യുവാവിനും യുവതിക്കും മർദനമേറ്റ സംഭവത്തിൽ വനിതാ കമ്മീഷനും കേസെടുത്തിട്ടുണ്ട്. ടൗണിൽ കശപിശയ്ക്കിടെ യുവാവിനാണ് ആദ്യം മർദനമേറ്റത്. തടയാൻ ശ്രമിക്കുന്നതിനിടെയാണ് സജീവാനന്ദൻ യുവതിയുടെ കരണത്തടിച്ചത്. പ്രശ്നത്തിൽ ഇടപെട്ട നാട്ടുകാർ സജീവാനന്ദനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചെങ്കിലും കേസെടുക്കാതെ വിടുകയായിരുന്നു.
മർദനമേറ്റവർ പരാതി നൽകാതെ അന്നുതന്നെ അന്പലവയലിൽനിന്നു പോയി. കാക്കി ഷർട്ടും ലുങ്കിലും ധരിച്ചയാൾ ദന്പതികളെ മർദിക്കുന്നതു മൊബൈൽ ഫോണിൽ പകർത്തിയ ചിലർ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പോസ്റ്റുചെയ്തിരുന്നു. ഇതേത്തുടർന്നാണ് സംഭവം വിവാദമായത്.
മർദനവുമായി ബന്ധപ്പെട്ടു സിപിഎം ബ്രാഞ്ച് സെക്രട്ടറിയും അന്പവയൽ ടൗണ് വാട്സ്ആപ്പ് കൂട്ടായ്മ പ്രതിനിധിയും നൽകിയ പരാതികളിലാണ് പോലീസ് കേസെടുത്തത്. വനിതാ കമ്മീഷൻ അധ്യക്ഷ അന്പലവയലിൽ എത്തി സ്വമേധയാ കേസെടുക്കുകയായിരുന്നു.