അലഹബാദ്: ബോംബ് നിർമ്മാണത്തിനിടെ പൊട്ടിത്തെറി അലഹബാദ് യൂണിവേഴ്സിറ്റി വിദ്യാർഥിക്ക് ഗുരുതര പരിക്ക്. സർവകലാശാലയിലെ എംഎ വിദ്യാർഥി പ്രഭാത് യാദവിനാണ് പരിക്കേറ്റത്. അലഹബാദ് സർവകലാശാലയിലെ പിസിബി ഹോസ്റ്റൽ മുറിയിൽ ബോംബ് നിർമ്മിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തിൽ പ്രത്യുഷ് എന്ന മറ്റൊരു വിദ്യാർഥിക്കും സാരമായി പരിക്കേറ്റു. ഇരുവരും ഹോസ്റ്റലിലെ മുൻ അന്തേവാസികളാണ്.
പ്രഭാതിനെ ഗുരുതര പരിക്കുകളോടെ എസ്ആർഎൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവാവിന്റെ വലതുകൈയ്ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. എന്തിനാണ് വിദ്യാർഥികൾ ബോംബ് നിർമ്മിച്ചതെന്ന കാര്യത്തിൽ അന്വേഷണം നടത്തി വരികയാണ്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യും.